IndiaNEWS

ഗുജറാത്തിൽ 3000 കോടി രൂപ നിക്ഷേപിച്ച് മാൾ തുറക്കുന്നു ലുലു ഗ്രൂപ്പ്, യൂസഫലി ബിജെപിയോട് അടുക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ ആരംഭിക്കുകയാണ് ലുലു ഗ്രൂപ്പ്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നടത്തിയ ദുബായ് സന്ദര്‍ശനത്തിലാണ് സംസ്ഥാനത്ത് മൂവായിരം കോടി നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറായത്. യു.എ.ഇയില്‍ വച്ച്‌ ലുലു ഗ്രൂപ്പും ഗുജറാത്ത് സര്‍ക്കാരും ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മാള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഷോപ്പിംഗ് മാളിന്റെ നിര്‍മാണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് ചേർന്നുനിൽക്കുന്ന സമീപനമാണ് ഇപ്പോൾ ലുലു ഗ്രൂപ്പ് സ്വീകരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൻ നിക്ഷേപങ്ങളാണ് ലുലു നടത്തുന്നത്. ഈ വര്‍ഷം ജൂലായില്‍ ലക്നൗവില്‍ ലുലു ഗ്രൂപ്പ് മാള്‍ തുറന്നിരുന്നു. ഇതുകൂടാതെ ഉത്തർപ്രദേശിൽ ഫുഡ് പാർക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. രാജ്യത്തെ നിലവിലെ ഏറ്റവും വലിയ മാൾ ആണ് ലുലു ഗ്രൂപ്പ് ഉത്തർപ്രദേശ് സ്ഥാപിച്ച മാൾ ഓഫ് ലക്നൗ. ഇതിനുപിന്നാലെയാണ് ഗുജറാത്തിലും വൻ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, ബംഗളൂരു, തിരുവനന്തപുരം നഗരങ്ങളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

യു.എ.ഇ ആസ്ഥാനമായുള്ള ശതകോടീശ്വരന്‍ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഗുജറാത്തിലെ ആദ്യ സംരംഭമാണിത്. ഗുജറാത്തില്‍ ഷോപ്പിംഗ് മാള്‍ എത്തുന്നതോടെ 6,000 പേര്‍ക്ക് നേരിട്ടും 12,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

അടുത്തുതന്നെ മാളിനായുള്ള തറക്കല്ലിടല്‍ നടക്കും. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഷോപ്പിംഗ് മാളില്‍ 300ലധികം ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, മള്‍ട്ടിക്യുസീന്‍ റെസ്റ്റോറന്റുകളുള്ള 3,000 പേര്‍ക്ക് ശേഷിയുള്ള ഫുഡ് കോര്‍ട്ട്, ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ വിനോദ കേന്ദ്രമായ ഐമാക്സുള്ള 15 സ്‌ക്രീന്‍ മള്‍ട്ടിപ്ലക്സ് സിനിമാസ്, മറ്റ് നിരവധി ആകര്‍ഷണങ്ങള്‍ എന്നിവ ഉണ്ടാകും. അഹമ്മദാബാദിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറ്റുകയാണ് ലക്ഷ്യം.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് പ്രധാനമായും മിഡില്‍ ഈസ്റ്റ്, ഏഷ്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലായി 23 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 60,000ത്തിലധികം ജീവനക്കാരാണ് ലുലുവില്‍ ജോലിചെയ്യുന്നത്.

Back to top button
error: