Breaking NewsNEWS

കലാസംവിധായകന്‍ കിത്തോ അന്തരിച്ചു

കൊച്ചി: പ്രശസ്ത കലാസംവിധായകന്‍ കിത്തോ(82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുപ്പതിലേറെ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പരസ്യകലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സിനിമ നിര്‍മിക്കുകയും സിനിമയ്ക്കു കഥയെഴുതുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടു ദിവസമായി ആരോഗ്യനില മോശമായി തുടരുകയായിരുന്നു. സംസ്‌കാരം പിന്നീട്. ലില്ലിയാണ് ഭാര്യ. മക്കള്‍: അനില്‍ കിത്തോ (ദുബായ്), കമല്‍ കിത്തോ (‘കിത്തോസ് ആര്‍ട്’ കൊച്ചി).

കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവര്‍ത്തകരില്‍ ഒരാളായി മാറി. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. കുട്ടിക്കാലത്തു തന്നെ ചിത്രരചനയിലും ശില്‍പനിര്‍മാണത്തിലും സ്വയം പരിശീലനം നേടി. കൊച്ചിയില്‍ എംജി റോഡില്‍ ‘ഇല്ലസ്‌ട്രേഷന്‍ ആന്‍ഡ് ഗ്രാഫിക്‌സ്’ എന്ന സ്ഥാപനമാരംഭിച്ചു. സുഹൃത്തും തിരക്കഥാകൃത്തുമായ കലൂര്‍ ഡെന്നിസ് ‘ചിത്രകൗമുദി’ എന്ന സിനിമാ മാസികയില്‍ എഴുതിയിരുന്ന നീണ്ട കഥകള്‍ക്ക് ചിത്രം വരച്ച് കൊടുത്തതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

ഇതോടെ കിത്തോയുടെ വരകള്‍ മറ്റു പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും വന്നു തുടങ്ങി. സിനിമാ മാഗസിനുകളിലൂടെ സിനിമാ ബന്ധങ്ങള്‍ ഉരുത്തിരിഞ്ഞു. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയില്‍ സജീവമായ കിത്തോയുടെ പരസ്യങ്ങള്‍ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെന്‍ഡ് സെറ്ററുകളായി. കലാ സംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന കിത്തോ ഒരു ഘട്ടത്തില്‍ തിരക്കേറിയ ചലച്ചിത്ര പ്രവര്‍ത്തകനായിരുന്നു. ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്’ എന്ന സിനിമയുടെ നിര്‍മാതാവാണ്. പിന്നീട് സിനിമാ മേഖലയില്‍ നിന്ന് അകന്ന കിത്തോ ആത്മീയ ജീവിതത്തിലേയ്ക്കു തിരിഞ്ഞു.

Back to top button
error: