KeralaNEWS

പി കെ ശശിക്കെതിരെ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം; യോഗത്തിനെത്തിയെങ്കിലും പി കെ ശശിയെ പങ്കെടുപ്പിച്ചില്ല

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. പി കെ ശശിക്ക് സഹകരണ സ്ഥാപന നടത്തിപ്പിൽ ജാഗ്രതക്കുറവുണ്ടായെന്നാണ് സിപിഎം മണ്ണാർക്കാട് ഏരിയ, ലോക്കൽ കമ്മിറ്റികളിൽ വിമർശനമുയർന്നത്. യോഗത്തിനെത്തിയെങ്കിലും പി കെ ശശിയെ പങ്കെടുപ്പിച്ചില്ല. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും സംസ്ഥാനം കമ്മറ്റി അംഗം സി കെ രാജേന്ദ്രനും പങ്കെടുത്ത ഏരിയ കമ്മറ്റിയിൽ നിന്നാണ് പി കെ ശശിയെ മാറ്റി നിർത്തിയത്. ശശി യൂണിവേഴ്സൽ കോളേജിന്റെ പേരിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ഏരിയ കമ്മറ്റിയിലെ ഭൂരിഭാഗവും ആവശ്യപ്പെട്ടു. ശശിയുടെ ശശിയുടെ ഏകാധിപത്യ പ്രവണത അംഗീകരിക്കാകില്ലെന്ന് ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു.

രാവിലെ പത്തരയോടെയാണ് ഏരിയ കമ്മിറ്റി ചേർന്നത്. പി കെ ശശി നേരത്തെ തന്നെ യോഗത്തിന് എത്തിയിരുന്നെങ്കിലും പങ്കെടുപ്പിച്ചില്ല. യോഗത്തിനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം, സി കെ രാജേന്ദ്രൻ ശശി ഇന്ന് പങ്കെടുക്കേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. യോഗം തുടങ്ങിയതോടെ, ശശിക്കെതിരെ പരാതി പ്രവാഹമായി. യൂണിവേഴ്സൽ കോളേജിൻ്റെ പേരിൽ നടത്തിയ ധനസമാഹരണം പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ വയ്ക്കണമെന്ന് ആവശ്യം ഉയർന്നു. കോളേജ് ചെയർമാനായ പി കെ ശശി, ഭീഷണിപ്പെടുത്തിയാണ് ഓഹരി സമാഹരിച്ചതെന്ന് ബാങ്ക് പ്രസിഡന്റുമാർ അറിയിച്ചതും ഏരിയ കമ്മിറ്റിയിൽ ചർച്ചയായി. ഇഷ്ടക്കാരെ സഹകരണ സ്ഥാപനങ്ങളിൽ തിരുകി കയറ്റുന്നതും അംഗങ്ങൾ ചോദ്യം ചെയ്തു. ഏകാധിപത്യ പ്രവണത, പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നു എന്നും ഉദാഹരണങ്ങൾ നിരത്തി പലരും വിശദീകരിച്ചു.

മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ കെ മൻസൂർ മാസങ്ങൾക്ക് മുമ്പാണ് രേഖകൾ സഹിതം ശശി നടത്തിയ പരാതികൾ ജില്ലാ സംസ്ഥാന നേതൃത്വത്തിൻ്റെ ശ്രദ്ധയിലെത്തിച്ചത്. എന്നാൽ തുടക്കത്തിൽ പാർട്ടി പരാതി പരിശോധിച്ചില്ല. വിഷയം ഏഷ്യാനെറ്റ് ന്യൂസിലൂടെ വാർത്തയായതോടെ, സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. മണ്ണാർക്കാട് സഹകരണ എജുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിന് വേണ്ടി പാർട്ടി അറിയാതെ ധനസമാഹരിച്ചെന്നും അത് ദുർവിനിയോഗം ചെയ്തെന്നുമാണ് പാർട്ടിക്ക് മുന്നിലെത്തിയ ഒരു പരാതി. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് 5 കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പലിശയോ ലാഭമോ കിട്ടാതായതോടെ, ബാങ്കുകൾ കടക്കെണിയിലായി എന്നായിരുന്നു പരാതി.

Back to top button
error: