KeralaNEWS

വയനാടൻ കാടിന്‍റെ സൗന്ദര്യം നുകർന്ന് ഒരു രാത്രി യാത്ര, കെ.എസ്.ആർ.ടി.സി ജംഗിൾ സഫാരിക്ക് തുടക്കം

    വയനാട്ടിൽ കെ.എസ്.ആർ.ടി.സിയുടെ ജംഗിൾ സഫാരി (വൈൽഡ് ലൈഫ് നൈറ്റ് സഫാരി) ആരംഭിച്ചു. ആദ്യ ദിവസം തന്നെ മുഴുവൻ സീറ്റിലും യാത്രക്കാരുമായാണ് സഫാരി ആരംഭിച്ചത്. വൈകീട്ട് 6.30ന് സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന സഫാരി സർവീസ് രാത്രി ഒമ്പതിന് അവസാനിക്കുന്നു. ബത്തേരിയിൽനിന്ന് ആരംഭിച്ച് മുത്തങ്ങ, പൊൻകുഴി വരെയും തിരിച്ച് മൂലങ്കാവ്, ഓടപ്പള്ളം, വള്ളുവാടി, വടക്കനാട്, പഴേരി, കോട്ടക്കുന്ന്, ഇരുളം വരെയും പോയശേഷം ബത്തേരി ഡിപ്പോയിൽ അവസാനിക്കുന്ന തരത്തിലാണ് യാത്ര.

60 കിലോമീറ്റർ ദൂരമാണ് സഫാരി. കുറഞ്ഞ ചിലവിൽ സുരക്ഷിതമായ യാത്രയിലൂടെ കാടിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ യാത്രക്കാർക്ക് അവസരമൊരുക്കുകയാണ് സഫാരിയുടെ ലക്ഷ്യം. കെ.എസ്.ആർ.ടി.സിയുടെ ടൂർ പാക്കേജിലെത്തി ഡിപ്പോയിലെ സ്ലീപ്പർ ബസിൽ താമസിക്കുന്നവർക്ക് അവരുടെ യാത്രാപാക്കേജിനൊപ്പം കാട് കണ്ട് യാത്ര ചെയ്യാനുള്ള അവസരമൊരുക്കുന്നതിനാണ് പ്രധാനമായും പദ്ധതി തുടങ്ങിയത്.

രാത്രിയുടെ ഏകാന്തതയിൽ കാടിൻ്റെ സംഗീതവും വിജനതയും ആസ്വദിച്ചുള്ള ഈ യാത്ര പൊതുജനങ്ങൾക്ക് ആനന്ദകരമായ അനുഭവമായിരിക്കും. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. മറുനാട്ടുകാർക്കൊപ്പം തദ്ദേശിയർക്കും കെ.എസ്.ആർ.ടി.സിയുടെ ഈ ജംഗിൾ സഫാരി ഹരമായി മാറിക്കഴിഞ്ഞു.

Back to top button
error: