KeralaNEWS

നാട് ഒന്നാകെ കരഞ്ഞു, സഹപാഠികളും അച്ഛനമ്മമാരും മോഹാലാസ്യപ്പെട്ടുവീണു; അമിത വേഗതയും അശ്രദ്ധയും നിരത്തുകളിലെ അഭ്യാസപ്രകടനങ്ങളും മൂലം വടക്കഞ്ചേരി അപകടത്തിൽ പ്രാണൻ പൊലിഞ്ഞത് 9 പേർക്ക്

  ഒമ്പത് ജീവനുകളാണ് ആ അപകടത്തിൽ പൊലിഞ്ഞു പോയത്. വിനോദയാത്രയ്ക്കു പോയ അഞ്ചു വിദ്യാർത്ഥികളും ഒരദ്ധ്യാപകനും ബസ് യാത്രക്കാരായ മൂന്ന് യുവാക്കളും…
പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ്, കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും കുറുമ്പുകാട്ടിയും കലപില കൂട്ടിയും ഇന്നലെ സന്ധ്യയോടെ ഊട്ടിയിലേയ്ക്കു പുറപ്പെട്ടതാണ് ആ വിദ്യാർഥികൾ. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമാണ് ഊട്ടിക്ക് ടൂർ പോയത്. പക്ഷേ പാതി വഴിയെത്തും മുൻപേ ദുരന്തം അവരെ തേടിയെത്തി. വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകനും പത്താം ക്ലാസിലെ മൂന്നു വിദ്യാർഥികളും പ്ലസ്ടുവിലെ രണ്ടു വിദ്യാർഥികളും മൂന്ന് ബസ് യാത്രക്കാരുമടക്കം 9 ജീവനുകളാണ് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞു പോയത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്ത് അഞ്ചുമൂര്‍ത്തിമംഗലത്താണ് കേരളത്തെ നടുക്കിയ ഈ ദുരന്തം അരങ്ങേറിയത്.

കായികാധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വടത്തറയിൽ ജോസിന്റെ മകൻ വി.കെ വിഷ്ണു (33), ഉദയംപേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അജിത്തിന്റെ മകൾ അഞ്ജന അജിത്ത് (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ രാജേഷ് ഡി.നായരുടെ മകൾ ദിയ രാജേഷ് (15), കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എം സന്തോഷിന്റെ മകൻ സി.എസ് ഇമ്മാനുവൽ (17), പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ് (15), തിരുവാണിയൂർ ചെമ്മനാട് വെമ്പിലമട്ടത്തിൽ വീട്ടിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ് (15) എന്നിവരാണ് സ്കൂളിൽ നിന്ന് പോയവരിൽ മരിച്ചത്. കെഎസ്ആർടിസി ബസ് യാത്രക്കാരായ കൊല്ലം പൂയപ്പള്ളി വലിയോട് വൈദ്യൻകുന്ന് ശാന്തി മന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൻ അനുപ് (22), പുനലൂർ മണിയാർ ധന്യഭവനിൽ ഉദയഭാനുവിന്റെ മകൻ യു. ദീപു (26), തൃശൂർ നടത്തറ ഗോകുലത്തിൽ രവിയുടെ മകൻ രോഹിത് രാജ് (24) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സൂപ്പർഫാസ്റ്റ് ബസ് കൊട്ടാരക്കരനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.
*              *            *

ചേതനയറ്റ ശരീരമായാണ് പഠിച്ച സ്കൂൾ മുറ്റത്തേക്ക് അവർ ആറുപേർ തിരിച്ചെത്തിയത്. പ്രിയപ്പെട്ട വിദ്യാർഥികളെ ഒരുനോക്ക് കാണാനായി മണിക്കൂറുകളായി കാത്തിരുന്ന ജനക്കൂട്ടം അതോടെ സകല നിയന്ത്രണവും വിട്ട് വിതുമ്പി. മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിന് എത്തിക്കുന്നതറിഞ്ഞ് രാവിലെ മുതൽ ആളുകൾ തടിച്ചുകൂടിയിരുന്നു. കിലോമീറ്ററുകൾ നീണ്ട നിരയായിരുന്നു സ്കൂളിന് മുന്നിൽ. പോലീസ് ഏറെ പണിപ്പെട്ടാണ് തിരക്കുകൾ നിയന്ത്രിച്ചത്. പ്രിയ വിദ്യാർഥികളുടെയും അധ്യാപകന്റെയും വിയോഗത്തിൽ ദുഃഖം താങ്ങാനാകാതെ കലാലയം കണ്ണീരണിഞ്ഞു. പ്രിയ ചങ്ങാതിമാരുടെ
മൃതദേഹങ്ങൾ കണ്ടപ്പോൾ സഹപാഠികൾ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. അമ്മമാർ മോഹാലാസ്യപ്പെട്ടുവീണു.
ആഹ്ലാദത്തോടെ യാത്രയാക്കി ഇരുട്ടി വെളുക്കും മുൻപേ കണ്ണീർക്കളമായി മാറിയ അക്ഷരമുറ്റത്തു തേങ്ങലുമായി നാടും നാട്ടുകാരും ആർത്തലച്ചു വന്നു. അപകടത്തിൽ മരിച്ച അഞ്ചു വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹം വൈകിട്ട് മൂന്നുമണിയോടെയാണ് മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളില്‍ പൊതുദർശനത്തിനു വച്ചത്. ആയിരക്കണക്കിന് ആളുകളാണ് മരണപ്പെട്ട വിദ്യാർഥികളെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായെത്തിയത്.

സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ അതത് വീടുകളിലേക്ക് കൊണ്ടുപോയി. അധ്യാപകന്റെയും എൽന ജോസ് ഒഴികെ മറ്റു വിദ്യാർഥികളുടെയും മൃതദേഹം സന്ധ്യയോടെ സംസ്കരിച്ചു. എൽന ജോസിന്റെ സംസ്കാരം നാളെ.

*.         *.        *

ട്രാൻസ്പോർട്ട് ബസിൻ്റെ പിന്നിലേക്ക് ഇടിച്ചുകയറിയ ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി ചതുപ്പിലേക്ക് മറിയുകയായിരുന്നു. ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിന്റെ ആഘാതത്തിലാണ് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ സുമേഷും കണ്ടക്ടർ ജയകൃഷ്ണനും. ടൂറിസ്റ്റ് ബസ് വലതുഭാഗത്തുനിന്ന് അമിതവേഗത്തിൽ പിന്നിൽ വന്നിടിക്കുകയായിരുന്നു എന്ന് ഇരുവരും പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്‍റെ ഒരു ഭാഗം മുഴുവൻ ടൂറിസ്റ്റ് ബസിന്റെ ഉള്ളിലേക്ക് കയറിപ്പോയി.

അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഉള്ള ശ്രമം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ചിലർ അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. കെഎസ്ആർടിസി യാത്രക്കാർ പലരും റോഡിൽ തെറിച്ചു വീണ നിലയിൽ ആയിരുന്നു. കടന്നുപോയ കാറുകളൊന്നും നിർത്താതിരുന്നപ്പോൾ അതുവഴി വന്ന പിക്കപ്പ് വാനിലാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവർത്തനം ഊർജിതമായി നടത്തി.
ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയപ്പോൾ രണ്ട്‌ അധ്യാപകരും ഒരു വിദ്യാർഥിയുമടക്കം മൂന്നുപേർ ബസിനടിയിലുണ്ടായിരുന്നു.
മന്ത്രിമാരായ കെ രാധാകൃഷ്ണനും എം.ബി രാജേഷും ആശുപത്രിയിലെത്തി മുഴുവൻ കാര്യങ്ങൾക്കും നേതൃത്വം നൽകി.

പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്നു വിദ്യാര്‍‍ഥികള്‍ പറയുന്നു. വേഗക്കൂടുതലാണല്ലോ എന്നു ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ല എന്നായിരുന്നു മറുപടിയെന്നു ഏബല്‍ ഫിലിപ്പ് പോള്‍ എന്ന വിദ്യാര്‍ഥി വെളിപ്പെടുത്തി. അപകടകാരണം സ്കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമെന്ന് ദൃക്സാക്ഷികളും പറയുന്നു. മറ്റ് പല വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞു വന്നത്. അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗത മണിക്കൂറില്‍ 97.72 കിലോമീറ്റര്‍ ആയിരുന്നുവെന്ന് ബസിലെ ജിപിഎസില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

“അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈൽ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവേർണർ സംവിധാനത്തിൽ പരമാവധി 80 കിലോമീറ്റർ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന വിധത്തിൽ അതിൽ മാറ്റംവരുത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.”

ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് അറിയിച്ചു.

പാലക്കാട് വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ പൊലീസ് പിടിയിൽ. എറണാകുളം സ്വദേശിയായ ജോമോൻ എന്ന ജോജോ പത്രോസിനെ കൊല്ലം ചവറയിൽനിന്നാണ് പോലീസ് പിടികൂടിയത്. അപകടത്തിന് പിന്നാലെ ചികിത്സതേടിയ ശേഷം ആശുപത്രിയിൽനിന്ന് മുങ്ങിയ ജോമോനെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചവറയിൽ നിന്ന് പിടികൂടിയത്.

ഭയം കാരണമാണ് ആശുപത്രിയിൽനിന്ന് മുങ്ങിയതെന്നാണ് ജോമോന്റെ മൊഴി. തമിഴ്നാട്ടിലേക്ക് കടക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അതിനിടെ, വടക്കഞ്ചേരിയിലെ അപകടത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘമാകും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: