KeralaNEWS

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാകുമെന്നും അദ്ദേഹം അറിയിച്ചു. അപകടമുണ്ടാക്കിയ ബസിന്‍റെ വേഗപ്പൂട്ടില്‍ മാറ്റം വരുത്തിയിരുന്നുവെന്ന് എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. കിലോ മീറ്ററില്‍ മാറ്റം വരുത്തിയാണ് ക്രമക്കേട് നടത്തിയത്. നിയമം ലംഘിച്ചുള്ള ഫിറ്റിംഗുകളും ബസില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ന് ആയിരുന്നു അപകടം. ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ അടക്കം ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരിൽ സ്‌കൂളിലെ കായിക അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഇന്നലെ വൈകിട്ട് കുട്ടികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസ് രാത്രി കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ അടക്കം പുറത്തെടുത്തത്. നാല്‍പ്പതോളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

Signature-ad

ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവർ ജോമോനും ബസ്സുടമ അരുണും പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

Back to top button
error: