തിരുവനന്തപുരം: വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫീസടച്ച് അപേക്ഷിക്കേണ്ടത്. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ ലഭിക്കും. പഞ്ചായത്തുകളില്‍ നായ്ക്കളുടെ ലൈസന്‍സ് ഫീസ് ഒക്ടോബര്‍ 15 മുതല്‍ 50 രൂപയാക്കി. നേരത്തേ 10 രൂപയായിരുന്നു. തദ്ദേശസ്വയംഭരണവകുപ്പാണ് ഇക്കാര്യങ്ങളില്‍ സ്പഷ്ടീകരണം നല്കി ഉത്തരവിറക്കിയത്.
നഗരസഭകളുടെ കാര്യത്തില്‍ അതതിടത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുന്നത്. വളര്‍ത്തുനായ്ക്കള്‍ക്ക് മൃഗാശുപത്രിയില്‍ നടത്തുന്ന പേവിഷപ്രതിരോധ കുത്തിവെപ്പിന് വാക്സിന് സൗജന്യമാണ്. ടിക്കറ്റ് നിരക്കായി 15 രൂപയും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ചേര്‍ത്ത് 30 രൂപ ഈടാക്കും.
തെരുവുനായ്ക്കളുടെ കുത്തിവെപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിരമിച്ച ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ ദിവസവേതനത്തിന് നിയോഗിക്കാവുന്നതാണ്. പ്രതിരോധ വാക്സിന് സംഭരണവും വിതരണവും ക്യാമ്പുകള്‍ സംഘടിപ്പിക്കലും നായപിടിത്തക്കാരെ നിയമിക്കുന്നതും പരിശീലനം നല്‍കുന്നതും മറ്റും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. എ.ബി.സി. കേന്ദ്രത്തിന് സ്ഥലം കണ്ടെത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശസ്ഥാപനമാണ് നടപടി സ്വീകരിക്കേണ്ടത്.
വന്ധ്യംകരണത്തിന് തെരുവുനായ്ക്കളെ കൊണ്ടുവരുന്ന വ്യക്തികള്‍ക്ക് എ.ബി.സി.പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കും 500 രൂപ പ്രതിഫലമായി നല്‍കുന്നത്.