NEWS

കർണാടകയിൽ വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വര്‍ഷം മാര്‍ച്ചോടെ ഓടിത്തുടങ്ങും; കേരളത്തിൽ മുന്നൊരുക്കങ്ങൾ ഇല്ല

ബംഗളൂരു :കര്‍ണാടക സംസ്ഥാനത്തിനുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വര്‍ഷം മാര്‍ച്ചോടെ ലഭിക്കുമെന്ന് കേന്ദ്രം.
ബെംഗളൂരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്കായിരിക്കും അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുക. വെള്ളിയാഴ്ച ബെംഗളൂരുവില്‍ കര്‍ണാടക എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്ര റെയില്‍വേ, ടെക്സ്റ്റൈല്‍ സഹമന്ത്രി ദര്‍ശന ജര്‍ദോഷ് ആണ് ഇക്കാര്യം അറിയിച്ചത്.
ഈ സെഗ്മെന്റില്‍ ട്രാക്ക് ഇരട്ടിപ്പിക്കല്‍ നടക്കുന്നതായും അതിവേഗ ട്രെയിന്‍ 2023 മാര്‍ച്ചോടെ പ്രവര്‍ത്തനത്തിന് തയ്യാറാകുമെന്നും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സഞ്ജീവ് കിഷോര്‍ പറഞ്ഞു.
അതേസമയം കേരളത്തിന് രണ്ടാംഘട്ടത്തിൽ മാത്രമേ ട്രെയിന്‍ ലഭിക്കുകയുള്ളൂ.
തിരുവനന്തപുരം ഡിവിഷനാണ് ട്രെയിന്‍ അനുവദിച്ചിട്ടുള്ളത്.ദക്ഷിണ റെയില്‍വേക്ക് കീഴില്‍ ചെന്നൈ (6), കോയമ്ബത്തൂര്‍ (3), തിരുച്ചിറപ്പള്ളി (2), തിരുവനന്തപുരം (2) എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് റേക്കുകള്‍ അനുവദിക്കുക.
തീവണ്ടി സര്‍വീസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ഒരു തീവണ്ടിയില്‍ ഉണ്ടാകുക. രണ്ടു റേക്കുകള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം തിരുവനന്തപുരത്ത് ഒരുക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.
കേരളത്തിലെ നിലവിലുള്ള പാതകള്‍ വഴി വേഗതയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിക്കാന്‍ കഴിയില്ല.അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തോടെ ഇന്ത്യയില്‍ മൊത്തം 75 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ട്രാക്കിലിറക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്.

Back to top button
error: