ടെഹ്‌റാൻ: ആറ് ദിവസമായി രാജ്യത്ത് നടക്കുന്ന ശക്തമായ പ്രതിഷേധം ശക്തമാകുന്നതോടെ ഇറാൻ ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും ഇറാന്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നാണ് വിവരം.
“ഇറാന്‍ സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി, ബുധനാഴ്ച വൈകുന്നേരം മുതൽ ഇറാനിൽ ഇൻസ്റ്റാഗ്രാം സേവനം ലഭിക്കുന്നില്ല, കൂടാതെ വാട്ട്‌സ്ആപ്പ് സേവനവും തടസ്സപ്പെട്ടു,” എന്നാണ് ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ വിവിധ സമയങ്ങളിലായി ഇറാനില്‍ ഫേസ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം, യൂട്യൂബ്, ടിക്ടോക്ക് എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇറാനിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന രണ്ട് പ്ലാറ്റ്ഫോം ആയിരുന്നു വാട്ട്സ്ആപ്പും, ഇന്‍സ്റ്റഗ്രാമും.
അതേ സമയം ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നുവെന്ന് ഇറാനിയൻ അധികൃതരും കുര്‍ദിഷ് ഗ്രൂപ്പും പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. പ്രതിഷേധത്തിൽ അവസാന രണ്ട് ദിവസം മരിച്ചത് നാല് പേരാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം എട്ടായി. പൊലീസും സൈനികനും മരിച്ചവരിൽ ഉൾപ്പെടും.
ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണത്തിന് പിന്നാലെ കുര്‍ദ് ജനസംഖ്യയുള്ള മേഖലകളിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് 50 ലേറെ നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിച്ചു. അതേ സമയം രാജ്യത്തിന്‍റെ പലഭാഗത്തും ഇന്‍റര്‍നെറ്റ് സംവിധാനം വലിയതോതില്‍ സ്ലോ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.