ലണ്ടന്‍: ലൈംഗിക ജീവിതവും ഭക്ഷണരീതിയും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. സസ്യാഹാരിയായി മാറുന്നതിലൂടെ ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. കിടപ്പറയില്‍ കൂടുതല്‍ പ്രണയാര്‍ദ്രരാവുന്നത് സസ്യാഹാരികളാണെന്നും വിശ്വസിക്കപ്പെടുന്നു, മാംസാഹാരികളേക്കാള്‍ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ കൂടുതല്‍ ഏര്‍പ്പെടുന്നതും അവരാണ്.
യു.കെ ആസ്ഥാനമായുള്ള ഹക്ക്‌നാല്‍ ഡിസ്പാച്ച് റിപ്പോര്‍ട്ട് ചെയ്ത പഠനം സൂചിപ്പിക്കുന്നത് മാംസാഹാരികള്‍ കിടക്കയില്‍ കൂടുതല്‍ സ്വാര്‍ത്ഥരാണെന്നും ലൈംഗിക ജീവിതത്തില്‍ അവര്‍ അസന്തുഷ്ടരാണെന്നുമാണ്. 57 ശതമാനം സസ്യാഹാരികളും ആഴ്ചയില്‍ മൂന്നോ നാലോ തവണ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. മാംസാഹാരികളില്‍ 47 ശതമാനം പേര്‍ ആഴ്ചയില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ തവണ പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരാണ്.
മാത്രമല്ല, സസ്യാഹാരികളില്‍ 84 ശതമാനം പേരും ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണ്. എന്നാല്‍, മാംസാഹാരികളില്‍ ഇത് 59 ശതമാനമാണ്. 500 വീതം സസ്യാഹാരികളെയും മാംസാഹാരികളെയുമാണ് പഠനത്തിനായി സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സസ്യാഹാരികളായ 95 ശതമാനം പേരും പറഞ്ഞത് ലൈംഗിക ജീവിതത്തില്‍ അവര്‍ സന്തുഷ്ടരാണെന്നാണ്.
ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്ന ധാരാളം ഭക്ഷണം സസ്യഭുക്കുകള്‍ കഴിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. 92 ശതമാനം സസ്യാഹാരികള്‍ പങ്കാളിയുമായുളള ലൈംഗികത ഇഷ്ടപ്പെടുന്നു, 88 ശതമാനം പേര്‍ രതിസുഖത്തിനായി ശരീരത്തെ ഉത്തേജിപ്പിക്കുന്ന ബാഹ്യചേഷ്ടകള്‍ ആസ്വദിക്കുന്നു, 48 ശതമാനം പേര്‍ ലൈംഗികമായ സംസാരത്തില്‍ ഏര്‍പ്പെടുന്നു. മാംസാഹാരികളില്‍ ഇവയുടെ ശതമാനം 79, 68, 35 എന്നിങ്ങനെയാണ്.