ഒടുവില്‍ ആളെ പൊക്കി! എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് നേതാവ് പിടിയില്‍
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസില്‍ ജിതിനെ ചോദ്യം ചെയ്യുകയാണ്.
ജൂണ്‍ 30ന് രാത്രി 11.25 നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പോലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആള്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസി ടിവി ക്യാമറകള്‍ പരിശോധിച്ചു. 250 ല്‍ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.
ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്‌കൂട്ടറാണെന്നതും മാത്രമായിരുന്നു ആകെ കണ്ടെത്തിയ വിവരങ്ങള്‍. ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടിയില്ലെന്നാണ് പോലീസ് അറിയിച്ചത്. വീടുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ക്കു തെളിച്ചമില്ലായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം, എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.