അഞ്ച് വയസുള്ള ആ ബാലൻ ഫ്ലാറ്റില്‍ കളിച്ചു കൊണ്ടിരിന്നതിനിടെയാണ് കളിപ്പാട്ടം തേടി ജനലിലൂടെ പുറത്തേക്കിറങ്ങിയത്. എത്തിപ്പിടിച്ചപ്പോഴേയ്ക്ക് കളിപ്പാട്ടം താഴെ വീണുപോയി. കുട്ടി പക്ഷേ ജനലഴികളില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഉദ്വേഗജനകമായിരുന്നു ആ നിമിഷങ്ങൾ…! കൈ വിട്ടാൽ പതിമൂന്നാം നിലയിൽ നിന്നും ബാലൻ നിലംപതിക്കും. ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കുട്ടിയെ റോഡില്‍ നില്‍ക്കുകയായിരുന്ന അയല്‍വാസികളില്‍ ചിലരാണ് കണ്ടത്.
പരിഭ്രാന്തരായ അയല്‍വാസികളും വിവരമറിഞ്ഞെത്തിയ പ്രദേശവാസികളും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്‍തു. എന്നാൽ ആരും ധൈര്യപൂർവ്വം മുന്നോട്ടിറങ്ങിയില്ല. ഇതേ കെട്ടിടത്തിലെ താമസക്കാരനായ ആദില്‍ അബ്ദുല് ഹഫീസ് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് പ്രദേശത്ത് ആളുകള്‍ കൂടി നിന്ന് കുട്ടിയെ ശ്രദ്ധിക്കുന്നത് കണ്ടത് അപകടം മനസിലാക്കിയ അയാൾ ഉടൻ തന്നെ വാച്ച്മാനെയും കൂട്ടി കെട്ടിടത്തിന്റെ 13-ാം നിലയിലേക്ക് കുതിച്ചു.
ഫ്ലാറ്റിലെ പതിമൂന്നാം നിലയുടെ ജനലില്‍ തൂങ്ങിക്കിടന്ന ആ അഞ്ചു വയസ്സുകാരനെ പോറൽ പോലുമേൽക്കാതെ അവർ രക്ഷപെടുത്തി.
സ്തുത്യർഹമായി പ്രവർത്തിച്ച ആ വാച്ചമാനെയും താമസക്കാരനെയും ഇന്നലെ ഷാര്‍ജ പൊലീസ് ആദരിച്ചു. എമിറേറ്റിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിൽ വാച്ച്മാനായി ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശി മുഹമ്മദ് റഹ്മത്തുല്ല, താമസക്കാരനായ ആദില്‍ അബ്ദുല് ഹഫീസ് എന്നിവരെയാണ് ഷാര്‍ജ പൊലീസ് തലവനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആദരിച്ചത്.