കോഴിക്കോട്: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്കു പോകുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ”വിദേശത്തു പോകുന്നത് നല്ലതാണ്. ലോകത്തെ അറിയാന്‍ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണ്. കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളം.
കൃഷി പഠിക്കാന്‍ കര്‍ഷകരെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ബജറ്റില്‍ 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒമാനേക്കാള്‍ കൂടുതല്‍ ബെന്‍സ് കാറുകള്‍ വാങ്ങിയത് കേരളത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇക്കാര്യങ്ങളല്ല, കേന്ദ്രത്തില്‍നിന്നു ലഭിക്കാനുള്ള നികുതിവിഹിതത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. കേരളം ഓവര്‍ഡ്രാഫ്റ്റിലേക്കു പോകില്ല. സ്ഥിതി നിയന്ത്രണവിധേയം.” ധനമന്ത്രി വ്യക്തമാക്കി.
നീതി ആയോഗിനെ എതിര്‍ത്തും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ സംസാരിച്ചു. ആസൂത്രണങ്ങള്‍ ഒഴിവാക്കപ്പെടും പ്ലാനിങ് സംവിധാനം നടപ്പിലാക്കുന്നതാണ് നല്ലതെന്നും ധനമന്ത്രി പറഞ്ഞു,
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും ഒക്ടോബര്‍ ആദ്യം യൂറോപ്പിലേക്കു പോകാനാണ് തീരുമാനം. രണ്ടാഴ്ച നീളുന്ന യാത്രയാണിത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.