KeralaNEWS

ഇനി ആകാശത്ത് പറന്ന് നടക്കാം, കണ്ണൂർ ആലക്കോട്കാരി ഗോപിക ഗോവിന്ദൻ്റ സ്വപ്നം പൂവണിയുന്നു

   കേരളത്തിൽ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർഹോസ്റ്റസ് എന്ന നേട്ടം കരസ്ഥമാക്കിയ കണ്ണൂർ ആലക്കോട് സ്വദേശി ഗോപികയ്ക്ക് ഇനി ആകാശത്ത് പറന്ന് നടക്കാം. ഉയരങ്ങളിൽ പറക്കണം എന്നായിരുന്നു ഗോപികയുടെ മോഹം. പക്ഷേ പരിമിതികൾ പിന്നോട്ടു വലിച്ചു. സാമ്പത്തിക പ്രയാസങ്ങളും പഠന സൗകര്യങ്ങളുടെ അപര്യാപ്തകളും തടസ്സമായി. പക്ഷേ എല്ലാ തടസ്സങ്ങളും ഗോപികയുടെ നിശ്ചയധാർട്യത്തിനു മുന്നിൽ തോറ്റു പോയി. ഒടുവിൽ അവളുടെ സ്വപ്നങ്ങൾ ചിറകുവിരിച്ച് ആകാശത്തേക്ക് ഉയർന്നു. ആലക്കോട് പഞ്ചായത്തിലെ ദാരപ്പൻകുന്ന് കോളനിയിലെ ചപ്പിലി ഗോവിന്ദന്റെയും ബിജിയുടെയും മകൾ ഗോപിക ദിവസങ്ങൾക്കുള്ളിൽ എയർഹോസ്റ്റസിന്റെ കുപ്പായമണിയും.

ഒരു മാസത്തെ പരിശീലനം മാത്രമാണു ബാക്കിയുള്ളത്. മുംബൈയിലാണ് പരിശീലനം നടക്കുന്നത്. പട്ടികവർഗത്തിലെ കരിമ്പാലൻ വിഭാഗത്തിൽപ്പെട്ടതാണ് ഗോപികയുടെ കുടുംബം. എയർഹോസ്റ്റസ് മോഹം ഗോപികയ്ക്ക് സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്. കണ്ണൂർ എസ്.എൻ കോളജിൽ കെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയശേഷം തന്റെ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള അന്വേഷണം തുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളിലെ കോഴ്സുകളിൽ മകളെ പഠിപ്പിക്കാനുള്ള ശേഷിയില്ലായിരുന്നു കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക്.

Signature-ad

ഗോപിക ആഗ്രഹം ഉള്ളിലൊതുക്കി രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് സർക്കാർ സ്കോളർഷിപ്പോടെ പട്ടികവർഗക്കാർക്ക് ‘അയാട്ട’യുടെ കസ്റ്റമർ സർവീസ് കോഴ്സ് പഠിക്കാമെന്ന വിവരം എസ്. ടി പ്രമോട്ടറിൽ നിന്നു ലഭിച്ചത്. ഇതിനായി നൽകിയ അപേക്ഷ അംഗീകരിക്കപ്പെടുകയും വയനാട്ടിലെ ഡ്രീം സ്കൈ ഏവിയേഷൻ ട്രെയിനിങ് അക്കാദമിയിൽ ചേർന്നു പരിശീലനം നേടുകയും ചെയ്തു. തുടർന്ന് എയർ ഇന്ത്യ കമ്പനി എയർഹോസ്റ്റസ് സെലക്‌ഷനു വേണ്ടി നടത്തിയ ഇന്റർവ്യൂവിൽ ഗോപിക വിജയിച്ചു. പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ദാരപ്പൻകുന്ന് കോളനിയിൽ നിന്നുള്ള ഒരു പെൺകുട്ടി, അതും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർഹോസ്റ്റസ് എന്ന നേട്ടം ഗോപിക കരസ്ഥമാക്കിയ സന്തോഷത്തിലാണ് കോളനിവാസികൾ.

Back to top button
error: