ജയ്പൂര്‍: ആടിനെ വില്‍ക്കുന്നതിലുള്ള ദേഷ്യത്തില്‍ അമ്മയെ പന്ത്രണ്ടാം ക്ലാസുകാരന്‍ കുത്തിക്കൊന്നു. രാജസ്ഥാനിലെ ജലവാര്‍ ജില്ലയിലാണ് സംഭവം. നൊദയന്‍ഭായി മേഘ്‌വാള്‍ (40) ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലക്കടിച്ചും, വെട്ടിയുമാണ് അമ്മയെ മകന്‍ കൊലപ്പെടുത്തിയത്. തകരപ്പെട്ടിയില്‍ ഒളിപ്പിച്ച മൃതദേഹം പൊലീസ് കണ്ടെടുത്തു.
ജന്മദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാന്‍ വിദ്യാര്‍ത്ഥി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ അമ്മ വിസമ്മതിച്ചു. തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കായി. ഇതോടെ വീട്ടില്‍ വളര്‍ത്തുന്ന ആടുകളില്‍ ഒന്നിനെ എടുത്തുകൊണ്ട് പോയി ഇയാള്‍ 5000 രൂപയ്ക്ക് വിറ്റു. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച വിദ്യാര്‍ത്ഥി രാത്രി വീട്ടില്‍ മടങ്ങിയെത്തി. ആടിനെ വിറ്റതറിഞ്ഞ് അമ്മ മകനെ ശകാരിച്ചു. ദേഷ്യം വന്ന മകന്‍ കയ്യില്‍ കിട്ടിയ ചുറ്റിക കൊണ്ട് അമ്മയുടെ തലയില്‍ അടിച്ചു. മേഘ്‌വാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. ജോലി കഴിഞ്ഞ് പിതാവ് ബലറാം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നേരെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി മൃതദേഹം തകരപ്പെട്ടിയില്‍ നിന്ന് പുറത്തെടുത്ത് പ്രാദേശിക ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രായപൂര്‍ത്തിയാകാത്ത മകനെയും കൂട്ടുകാരെയും കണ്ടെത്താൻ തെരച്ചില്‍ നടത്തുകയാണ് പൊലീസ്.