പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 4.25ന് കേരളത്തിലെത്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതടക്കമുള്ള വിവിധ പരിപാടികളിൽ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലും നെടുമ്പാശേരിയിലും കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വിമാനയാത്രക്കാരാണ് ഏറെ വിഷമവൃത്തത്തിലാകുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കില്ല. എം.സി റോഡിൽ അങ്കമാലി മുതൽ കാലടി വരെ നിയന്ത്രണം ഏർപ്പെടുത്തി. അത്താണി എയർപോർട്ട് ജംക്‌ഷൻ മുതൽ കാലടി ജംക്‌ഷൻ വരെ പുലർച്ചെ 3.30 മുതൽ വിമാനത്താവളത്തിനു മുന്നിലെ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. അങ്കമാലി പെരുമ്പാവൂർ ഭാഗത്തേക്കുള്ള യാത്രക്കാർ മഞ്ഞപ്ര കോടനാട് വഴി പോകണം.
വെള്ളിയാഴ്ച എറണാകുളം സിറ്റിയിൽ നിന്നും പശ്ചിമ കൊച്ചിയിലേക്കുള്ള വാഹനങ്ങൾ വൈപ്പിൻ ജങ്കാർ സർവീസ് വഴി പോകണം. നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വിമാനയാത്രക്കാർ അതിനനുസരിച്ച് യാത്ര ക്രമീകരിക്കണം എന്ന് എറണാകുളം റൂറൽ പോലീസ് അറിയിച്ചു
ഇന്ന് വൈകിട്ട് 4.25 നാണ് പ്രധാനമന്ത്രി നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്നത്. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം വൈകീട്ട് ആറിന് സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള 17 കിലോമീറ്റർ മീറ്റർ അടക്കം നിർമ്മാണം പൂർത്തിയാക്കിയ 632 കിലോമീറ്റർ മീറ്റർ നീളമുള്ള ഇരട്ടപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ചേരുന്ന യോഗത്തിൽ വെച്ച് ഇന്ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള 632 കിലോമീറ്റർ മീറ്റർ പാതയാണ് തുറന്നുകൊടുക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടം ഘട്ടമായി പാതയിരട്ടിപ്പിക്കൽ നടപടി പൂർത്തീകരിച്ച്, കഴിഞ്ഞ മെയ് മാസത്തിൽ സുരക്ഷാ പരിശോധനയും പൂർത്തീകരിച്ചാണ് റെയിൽവേ ഇരട്ടപ്പാത ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.
വൈകിട്ട് 5.45 മുതൽ 6.45 വരെയാണ് യോഗം.
ഇരട്ടപ്പാതയോടൊപ്പം, കൊച്ചി മെട്രോയുടെ നിർമ്മാണം പൂർത്തിയായ എസ്.എൻ ജംക്‌ഷൻ വരെയുള്ള ലൈനും ഉദ്ഘാടനം ചെയ്യും. ഇൻഫോ പാർക്കിന്റെ രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവേ സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് നെടുമ്പാശേരിയിൽ നടക്കുന്ന ബിജെപി പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും. തുടർന്ന് റോഡ് മാർഗം വെല്ലിംഗ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ വൈകിട്ട് 7 മണിക്ക് എത്തിച്ചേരും. ബിജെപി കോർ കമ്മിറ്റി നേതാക്കളുമായും രാത്രി കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച രാവിലെ 9.30 ന് കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്ത് സൈന്യത്തിന് ഔദ്യോഗികമായി കൈമാറും. തുടർന്ന് നേവി ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബെംഗളൂരുവിലേക്ക് മടങ്ങും.