CrimeNEWS

സൊനാലിയുടെ ദുരൂഹമരണം: പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ലഹരിമരുന്ന് കലര്‍ത്തിയ ദ്രാവകം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവ്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൊനാലിയുടെ പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ചേര്‍ന്ന് ലഹരിമരുന്ന് കലര്‍ത്തിയ ദ്രാവകം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എന്ത് ലഹരി മരുന്നാണ് നല്‍കിയതെന്ന് ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലെ വ്യക്തമാകുകയുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വടക്കന്‍ ഗോവയിലെ കേര്‍ലീസ് റെസ്റ്റോറന്റില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയെ താങ്ങി നിര്‍ത്തുന്നത് പിഎ സുധീര്‍ സാംഗ്വാനാണ്. ഇയാളുടെ സഹായി സുഖ്വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊനാലി മരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ലഹരി കലര്‍ത്തിയ ദ്രാവകം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചെന്ന് ഗോവാ പൊലീസ് പറഞ്ഞു. ഇത് കസ്റ്റഡിയിലുള്ള പ്രതികള്‍ സമ്മതിച്ചിട്ടുമുണ്ട്.

Signature-ad

എന്തൊക്കായാണ് കലര്‍ത്തി നല്‍കിയതെന്ന് അറിയാന്‍ രാസപരിശോധനാ ഫലം കൂടി വരേണ്ടിയിരിക്കുന്നു. മരിക്കുന്നതിന് മുന്‍പ് വീട്ടിലേക്ക് വിളിച്ച സൊനാലി തനിക്ക് വിഷം കലര്‍ത്തി നല്‍കിയെന്ന് പറഞ്ഞതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് പൊലീസ് ആദ്യമെടുത്ത നിലപാടിനെതിരെ രംഗത്ത് വരാന്‍ കുടുംബത്തെ പ്രേരിപ്പിച്ചതും ഇതാണ്.

സൊനാലിയെ പ്രതികള്‍ ലഹരി നല്‍കി നേരത്തെ ബാലത്സംഗം ചെയ്തിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുമായിരുന്നെന്നും കുടുംബം ഇപ്പോള്‍ ആരോപിക്കുന്നുണ്ട്. സൊനാലി രാത്രി ചെലവഴിച്ച റസ്റ്റോറന്റിന്റെ ഉടമയെ ഇന്നലെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. 2008 ല്‍ ഒരു ബ്രിട്ടീഷ് കൗമാരക്കാരിയുടെ മരണത്തിലും ഈ ഹോട്ടലിനെതിരെ സമാന ആരോപണം ഉയര്‍ന്നിരുന്നു.

 

Back to top button
error: