CrimeNEWS

പകല്‍ തുണി വില്‍ക്കാനെന്ന വ്യാജേന വീടുകണ്ടുവയ്ക്കും, രാത്രി മോഷണവും; തോക്കുചൂണ്ടി തലസ്ഥാനത്ത് പോലീസിനെ ഉള്‍പ്പെടെ വിറപ്പിച്ചത് യുവതിയടങ്ങുന്ന വന്‍ കവര്‍ച്ചാ സംഘം

തിരുവനന്തപുരം: മോഷണശ്രമത്തിനിടെ പിടിക്കപ്പെടുന്ന ഘട്ടത്തില്‍ തോക്കുചൂണ്ടി പോലീസിനെയും നാട്ടുകാരെയും ഉള്‍പ്പെടെ വിറപ്പിച്ചത് ഉത്തരേന്ത്യയില്‍നിന്നെത്തിയ വന്‍ കവര്‍ച്ചാ സംഘമെന്ന് കണ്ടെത്തല്‍. തോക്കുചൂണ്ടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് മോനിഷും ഇയാളുടെ കൂട്ടാളിയുമാണ് നഗരമധ്യത്തില്‍ തോക്ക് ചൂണ്ടി മോഷണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നീക്കത്തിലാണ് പോലീസ്.

യുവതിയടങ്ങുന്ന വന്‍ സംഘമാണ് മോഷണത്തിനായി കേരളത്തില്‍ എത്തിയിരിക്കുന്നത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മോനിഷിനൊപ്പം ഒരു യുവതി താമസിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ യുവതിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കഴിഞ്ഞദിവസത്തെ സംഭവത്തിന് പിന്നാലെ യുവതി അടക്കമുള്ള സംഘാംഗങ്ങളെല്ലാം ഒളിവില്‍പോയിരിക്കുകയാണ്.

Signature-ad

ഇവര്‍ തിരുവനന്തപുരം നഗരത്തിലോ അയല്‍ജില്ലകളിലോ ഉണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. തോക്ക് ചൂണ്ടി രക്ഷപ്പെട്ട രണ്ടുപേര്‍ക്ക് പുറമേ, ഈ യുവതിക്ക് വേണ്ടിയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ തീരുമാനം.

തിങ്കളാഴ്ചയാണ് നഗരത്തില്‍ രണ്ടുപേര്‍ സ്‌കൂട്ടറില്‍ കറങ്ങിനടന്ന് മോഷണം നടത്തിയത്. ആറ്റുകാലിലെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച സംഘം പിന്നീട് ഇടപ്പഴഞ്ഞിയില്‍ എത്തി. ഇവിടെ ആളില്ലാത്ത വീട് കുത്തിത്തുറക്കുന്നതിനിടെ സമീപവാസികളുടെ കണ്ണില്‍പ്പെട്ടു. ഇതോടെയാണ് തോക്ക് ചൂണ്ടി രണ്ടുപേരും രക്ഷപ്പെട്ടത്. പിന്നീട് പോലീസ് ഇവരെ പിന്തുടര്‍ന്നെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസിന് നേരേയും തോക്ക് ചൂണ്ടി പ്രതികള്‍ കടന്നുകളയുകയായിരുന്നു.

പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ കഴിഞ്ഞദിവസം പി.എം.ജിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കോവളം സ്വദേശിയായ ഓട്ടോ ഡ്രൈവറില്‍നിന്നാണ് ഇവര്‍ സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്തതെന്നും പിന്നീട് നമ്പര്‍ പ്ലേറ്റ് മാറ്റി ഉപയോഗിച്ചതാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മോനിഷ് അടക്കമുള്ള ആറംഗ മോഷണസംഘം കഴിഞ്ഞമാസം 24-നാണ് ഉത്തര്‍പ്രദേശില്‍നിന്നു തിരുവനന്തപുരത്ത് എത്തിയത്. തുണിവില്പ്പനക്കാരെന്ന വ്യാജേനയാണ് ഇവര്‍ നഗരത്തില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്. മോനിഷും യുവതിയും വഞ്ചിയൂരിലെ വാടക വീട്ടിലായിരുന്നു താമസം. പകല്‍ സമയത്ത് തുണിവില്‍പ്പനയ്ക്കിറങ്ങുന്ന സംഘം ആളില്ലാത്ത വീടുകള്‍ കണ്ടുവെച്ച് പിന്നീട് കവര്‍ച്ച നടത്തുന്നതായിരുന്നു രീതി. നഗരത്തില്‍ അടുത്തിടെ നടന്ന പല മോഷണങ്ങള്‍ക്കും പിന്നിലും ഇവരാണെന്നാണ് പോലീസിന്റെ സംശയം. കഴിഞ്ഞദിവസം മോനിഷും യുവതിയും താമസിച്ചിരുന്ന വാടകവീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് കമ്പിപ്പാര, സ്‌ക്രൂ ഡ്രൈവറുകള്‍, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തി.

Back to top button
error: