FeatureLIFE

പുഷ്പിണിയായി പുരാതന മരുഭൂമി; മഴപെയ്താല്‍ ദേവലോകമാകുന്ന അറ്റകാമ

ചിലി: ലോകത്തെ ഏറ്റവും പുരാതന മരുഭൂമിയായ ചിലിയിലെ അറ്റകാമയില്‍ വര്‍ണ ഇതളുകള്‍ വിരിച്ച് വസന്തം. പലനിറങ്ങളുള്ള പൂക്കള്‍ വിരിച്ച പരവതാനിയാല്‍ മരുഭൂമി ഏറ്റവും മനോഹരഭൂമിയായി മാറുന്ന അദ്ഭുതകാഴ്ചയാണ് അറ്റകാമ സമ്മാനിക്കുന്നത്. ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞ ഭൂവിഭാഗമാണ് അറ്റകാമയിലേത്.

ഉറപ്പേറിയ ഉപരിതലവും ഉപ്പുതടാകങ്ങളും അറ്റകാമയുടെ സവിശേഷതകളാണ്. ഒപ്പം നല്ലൊരു മഴപെയ്താല്‍ ദിവസങ്ങള്‍ക്കകം പൂപ്പാടമായി മാറും എന്നതാണ് ഈ പുരാതന മരുഭൂമിയുടെ ഏറ്റവും വലിയ പ്രത്യേകത. ഡെസീര്‍റ്റോ ഫ്ളോറിഡോ അഥവാ പുഷ്പിക്കുന്ന മരുഭൂമി എന്ന പ്രതിഭാസമാണ് ഇതിന് കാരണം.

തെക്കേ അമേരിക്കയില്‍ ചിലിയുടെ ഭാഗമായ പീഠഭൂമിയാണ് അറ്റകാമ മരുഭൂമി. ഏതാണ്ട് 150 മില്ല്യണ്‍ അതായത് 15 കോടി വര്‍ഷമായി അറ്റാകാമ വരണ്ടുണങ്ങി കിടക്കുകയാണെന്ന് ശാസ്ത്രലോകം പറയുന്നു. ആന്‍ഡീസ് പര്‍വതനിരകളുടെ പടിഞ്ഞാറായി പസഫിക് തീരത്ത് നിന്ന് ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് അറ്റകാമ സ്ഥിതിചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും വരണ്ട ധ്രുവമില്ലാത്ത മരുഭൂമിയാണിത്. അതുപോലെ ധ്രുവ മരുഭൂമികളേക്കാള്‍ കുറഞ്ഞ മഴ ലഭിക്കുന്ന ഒരേയൊരു യഥാര്‍ത്ഥ മരുഭൂമിയും. ലോകത്തില്‍ മഞ്ഞിനാല്‍ മൂടപ്പെടുന്ന ഏറ്റവും വലിയ മരുഭൂമിയും അറ്റകാമയാണ്. ഈ പ്രത്യേകതകള്‍ അറ്റകാമയെ മറ്റുമരുഭൂമികളില്‍നിന്നു തികച്ചും വ്യത്യസ്തയാക്കുന്നു.

വടക്കോട്ടൊഴുകുന്ന ഹംബോള്‍ട്ട് സമുദ്രപ്രവാഹവും ശക്തമായ പസഫിക് ആന്റി സൈക്ലോണിന്റെ സാന്നിധ്യവും കാരണം അറ്റകാമ അതിന്റെ ഏറ്റവും തീവ്രമായ വരള്‍ച്ചയിലാണ്. അറ്റകാമ മരുഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമുള്ളത്, പസഫിക് അല്ലെങ്കില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള ഈര്‍പ്പം തടയാന്‍ മതിയായ ഉയരമുള്ള രണ്ട് പര്‍വത ശൃംഖലകള്‍ക്ക് (ആന്‍ഡീസ്, ചിലിയന്‍ തീരപ്രദേശങ്ങള്‍) ഇടയിലാണ്.

പലപ്പോഴും അറ്റകാമയിലെ തണുപ്പ് ലഡാക്ക് മരുഭൂമിയെക്കാള്‍ കൂടിയതാകും അതു പോലെതന്നെ വരള്‍ച്ചയുടെ കാര്യത്തില്‍ അറ്റകാമ മത്സരിക്കുന്നത് സഹാറ മരുഭൂമിയോടും. കാലാവസ്ഥയിലെ ഈ വൈരുദ്ധ്യം ഭൂമിയില്‍ മറ്റൊരിടത്തുമില്ല. പ്രവചനാതീതമായ സ്വഭാവം അറ്റകാമയില്‍ നിന്ന് മറ്റ് ജീവനുകളെ അകറ്റി നിര്‍ത്തുന്നു. ഏതാനും സൂക്ഷ്മ ജീവികള്‍ മാത്രമാണ് ഇവിടെ നിന്നും ഇതുവരെ കണ്ടെത്തിയ ജീവനുകള്‍. ചൊവ്വ പര്യവേഷണ സിമുലേഷനുകള്‍ക്കായി ഭൂമിയിലെ പരീക്ഷണ സൈറ്റുകളായി ഈ മരുഭൂമി ഉപയോഗിക്കപ്പെട്ടിരുന്നു.

നല്ലൊരു മഴ പെയ്താല്‍ അറ്റകാമയ്ക്ക് പൂക്കാതിരിക്കാനാകില്ല. മഴയ്ക്ക് പിന്നാലെ മരുഭൂമിയിലെ മണ്ണില്‍ കാലങ്ങളായി ഉറങ്ങിക്കിടക്കുന്ന വിത്തുകള്‍ മുളപൊട്ടും. കഷ്ടിച്ച് ഒരടി പോലും ഉയരം വയ്ക്കാത്ത ഇവ ദിവസങ്ങള്‍ക്കുള്ളില്‍ പൂക്കുന്നു. ഏതാണ്ട് 200 തരത്തിലുള്ള ലക്ഷക്കണക്കിന് പൂക്കളാണ് ഇവിടെ ഒറ്റയടിക്ക് വിരിയാറുള്ളത്. ചില പ്രദേശങ്ങള്‍ പല നിറത്തിലുള്ള പൂക്കളാല്‍ മൂടുമ്പോള്‍, മറ്റ് ചില പ്രദേശങ്ങള്‍ ഒരൊറ്റ പൂ കൊണ്ടുള്ള പരവതാനി വിരിച്ച് വച്ചത് പോലെയാകും. മറ്റ് സമയങ്ങളില്‍ 63ഡിഗ്രി താപനിലയില്‍ സദാസമയവും ചൂടുകാറ്റ് വീശിയടിക്കുന്ന അറ്റകാമയില്‍ തന്നെയാണ് ഈ കാഴ്ചയും.

‘ഡെസീര്‍റ്റോ ഫ്ളോറിഡോ’ അഥവാ ‘പുഷ്പിക്കുന്ന മരുഭൂമി’ എന്ന പ്രതിഭാസമാണ് ഇതിന് കാരണമെന്ന് ശാസ്ത്രലോകം പറയുന്നു. അപൂര്‍വ്വമായിട്ടാണെങ്കിലും നന്നായി പെയ്യുന്ന മഴയാണ് അത്രയും കാലമായി മണ്ണിനടിയില്‍ ഉറങ്ങി കിടക്കുന്ന ചെടികളെ ഉണര്‍ത്തി പൂവിടീക്കുന്നതിന് പിന്നില്‍. എന്നാല്‍ അറ്റകാമയിലെ 1600 കിലോമീറ്ററിലും ഈ പൂക്കാലമില്ല. ഏതാനും താഴ്‌വരകളില്‍ മാത്രമാണ് ഈ പ്രതിഭാസം കാണാനാകുക.

2017 ന് ശേഷം ഈ വര്‍ഷമാണ് അറ്റകാമയില്‍ വസന്തം തിരിച്ചെത്തുന്നത്. പൂക്കാലം മനോഹരിയാക്കിയ അറ്റകാമയെക്കാണാന്‍ നിരവധിപേരാണ് ദിവസവും എത്തുന്നത്. അറ്റകാമയുടെ ചിത്രങ്ങള്‍ പങ്കുവച്ച ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ അഭിപ്രായപ്പെട്ടത് ‘കൂടുതല്‍ മഴ ലഭിക്കുന്ന സമയത്ത് അറ്റകാമ ഒരു ദേവലോകമാകും’ എന്നാണ്.

 

 

Back to top button
error: