ഐതിഹ്യങ്ങളും ചരിത്രവും ഉൾപ്പടെ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കും മല്ലപ്പള്ളിക്കും ഇടയിലായി കവിയൂർ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
എഡി എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രം പഞ്ചവാണ്ഡവൻമാരുടെ വനവാസക്കാലത്ത് നിർമ്മിക്കപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്.അഞ്ച് ഏക്കറോളം സ്ഥലത്തായി മുഖാമുഖം സ്ഥിതി ചെയ്യുന്ന രണ്ട് പാറക്കെട്ടുകൾക്കിടയിലാണ് ഗുഹാക്ഷേത്രങ്ങളുള്ളത്.എണ്ണമറ്റ പ്രതിമകൾ പാറയിൽ കൊത്തിയിട്ടുണ്ട്.
പാറ തുരന്ന് 20 അടി വ്യാസത്തിലാണ് ക്ഷേത്രത്തിന്റെ ഗർഭഗൃഹം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഒത്ത നടുക്കായി ശിവലിംഗപ്രതിഷ്ഠയും കാണാം.മൂന്നരയടി പൊക്കമാണ് ഇതിനുള്ളത്. ഇവിടേക്ക് പ്രവേശിക്കുവാൻ 20 അടി നീളത്തിൽ നാലടി വീതിയുമായി അർധ മൺപവും കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്.
ഇന്ത്യയിൽ മറ്റൊരിടത്തും ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത നിർമ്മാണ രീതിയും ശൈലിയുമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.തിരുവി താംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രമെങ്കിലും ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്.
ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. അതിലൊന്നാണ് പാണ്ഡവരും ഭൂതങ്ങളും ചേർന്ന് നിർമ്മിച്ച ക്ഷേത്രം എന്ന കഥ. മറ്റൊന്ന് പണിപൂർത്തിയാകാത്ത ക്ഷേത്രം എന്നതാണ്. അതിനു പിന്നിലെ കഥയിൽ കൗരവരും ഹനുമാനും ഉണ്ട്. കൗരവർ പാണ്ഡവരെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ഹനുമാൻ ഭീമനേയും മറ്റ് പാണ്ഡവരേയും കോഴിയുടെ രൂപത്തിലെത്തി ഇക്കാര്യം അറിയിച്ചുവെന്നും അതിനാൽ അവർക്ക് ഇതിനന്റ നിർമ്മാണം പൂർത്തീകരിക്കാനായിട്ടില്ലെന്നു മാണ് വിശ്വാസം.