KeralaNEWS

മുല്ലപ്പൂവുവിൻ്റെ സൗരഭ്യം നിറഞ്ഞ കഥകളുമായി മലയാള സിനിമയിലേയ്ക്ക് വരവായി സുരേഷ് കൃഷ്ണൻ, ആദ്യ ചിത്രം ‘ജവാനും മുല്ലപ്പൂവും’ ഒക്ടോബർ ആദ്യം എത്തും

ജീവിതം തൊടുന്ന ഉൾക്കാമ്പുള്ള കഥയുടെയും ഭാവഭദ്രമായ തിരക്കഥയുടെയും പരിമിയാണ് മലയാള സിനിമ നേരിടുന്ന വെല്ലുവിളി. മികച്ച സിനിമകളുടെ നട്ടെല്ല് നല്ല തിരക്കഥകൾ ആണെന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. പ്രതിഭാധനരായ എഴുത്തുകാരുടെ രചനകൾ എന്നും ചലച്ചിത്രകാരന്മാരെ ആകർഷിച്ചിരുന്നു. ബഷീറും തകഴിയും എം.ടിയും പത്മരാജനുമൊക്കെ മലയാള സിനിമയ്ക്ക് കാമ്പുളള കഥകൾ സമ്മാനിച്ച സർഗ്ഗപ്രതിഭകളാണ്.

ലോഹിതദാസും ജോൺ പോളും ഡെന്നീസ് ജോസഫുമൊക്കെ കലാമൂല്ല്യമുളള സിനിമകളുടെ വിപണന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയ ചലച്ചിത്രകാരന്മാരാണ്. ആർ. ഉണ്ണിയെ പോലുള്ള ചുരുക്കം ചിലരേ ഇന്നാ വഴിയിലുളളൂ…
മലയാളത്തിൽ മികച്ച തിരക്കഥകൾ ഉണ്ടാകുന്നില്ല എന്നാണ്‌ സിനിമാക്കാരുടെ  പരാതി.

Signature-ad

ഈ പശ്ചാത്തലത്തിലാണ് ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ പ്രസക്തി.
കോവിഡാനന്തര മലയാള സിനിമകളുടെ പേരുകൾ ‘കീടം’ വരേ എത്തി നിൽക്കുന്നു. ഇതിനിടയിൽ ശീർഷകം പോലെ വേറിട്ട പ്രമേയവുമായാണ് ‘ജവാനും മുല്ലപ്പൂവും’ എത്തുന്നത്.
രണ്ട് പതിറ്റാണ്ടോളമായി പത്രപ്രവർത്തന രംഗത്തും സാഹിത്യ രംഗത്തും നിശബ്ദ പ്രവർത്തനം നടത്തുന്ന സുരേഷ് കൃഷ്ണനാണ് രചയിതാവ്.
ചുരുക്കം ചില സീരിയലുകൾക്ക് തിരക്കഥ ഒരുക്കി പിന്നീട് വഴി മാറി നടന്നൊരാൾ…
മലയാളത്തിലെ സർഗധനരായ എഴുത്തുകാരുടെ എഴുത്തുജീവിതം മുഖദാവിൽ പകർത്തിയെടുത്ത് മലയാളിക്ക് സമ്മാനിച്ച വ്യക്തി…
‘പ്രണയമാപിനി’ പോലെ ഒറ്റപ്പെട്ട നോവലുകൾ എഴുതി തികച്ചും നിശബ്ദനായി ഒരു രേഖപ്പെടുത്തലുമില്ലാതെ അയാളിവിടെ ജീവിച്ചു.
ഒന്നൂല്ലായ്മയിൽ നിന്ന് കഠിന പരിശ്രമങ്ങളിലൂടെ ജീവിതത്തിൽ വിജയം നേടിയ 30 മനുഷൃരെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തിയ പുസ്തകമാണ് സുരേഷ് കൃഷ്ണന്റെ ‘ബി പോസിറ്റീവ്.’ പൊളളുന്ന മനുഷ്യ ജീവിതങ്ങളെ തൊട്ടറിയാനുളള ശക്തമായ ഒരു വായനാനുഭവം ആയിരുന്നു അത്.
ജോൺ പോളിന്റെ തിരക്കഥാരചനയുടെ പിന്നാമ്പുറ കഥകൾ പങ്കുവച്ച ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന പരമ്പര മംഗളം വാരികയിലൂടെ നമ്മൾ വായിച്ച് അറിഞ്ഞതാണ്.
വായനയ്ക്കും എഴുത്തിനുമപ്പുറം മറ്റൊരാനന്ദമില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഈ എഴുത്തുകാരന്റെ തിരക്കഥയിൽ പിറവികൊളളുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയ്ക്കും മലയാളത്തിനോട് ചിലത് പറയാനുണ്ടാകും എന്ന് നമുക്ക് പ്രത്യാശിക്കാം…

നവാഗത സംവിധായകൻ ആയ വൈശാഖ്‌ എലൻസ് ഒരുക്കുന്ന ‘മലമക്കുടി പോലീസ് സ്റ്റേഷൻ’ (പി 20 മലമക്കുടി) എന്ന ചിത്രത്തിന്റെ തിരക്കഥ ആണ് തന്റെ ആദ്യ രചനയെന്ന് സുരേഷ് കൃഷ്ണൻ പറയുന്നു.
കൽപ്പറ്റയിൽ ആ ചിത്രത്തിന്റെ എഴുത്തു നടക്കുബോഴാണ് മാധൃമപ്രവർത്തകനായ രഘുമോനോൻ കൊച്ചിയിൽ നിന്ന് വിളിക്കുന്നത്. മുൻപ് രഘുമോനോനുമായി ‘ജവാനും മുല്ലപ്പൂവി’ന്റെയും കഥ സംസാരിച്ചിരുന്നു.
ബോംബെ ആസ്ഥാനമായുളള ‘2 ക്രീയേറ്റീവ് മൈൻഡ്സ്’ എന്ന ചലച്ചിത്ര നിർമ്മാണ സ്ഥാപനം ഈ ചിത്രം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. നിർമ്മാതാക്കളിൽ ഒരാളായ വിനോദ് ഉണ്ണിത്താൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. എത്രയും വേഗം വന്ന് എഴുത്തു തുടങ്ങണം എന്നായിരുന്നു നിർദ്ദേശം.
പെട്ടെന്ന് ഓൺ ആകുന്ന സിനിമ എന്ന് ബോധൃമായതോടെ വൈശാഖിന്റെ അനുവാദത്തോടെ കൊച്ചിയിൽ എത്തി. ആദൃ തിരക്കഥ മലമക്കുടി പോലീസ്സ്റ്റേഷൻ ആണെങ്കിലും ആദൃം തിയേറ്ററുകളിൽ എത്തുന്ന ചിത്രം ‘ജവാനും മുല്ലപ്പൂവും’ ആയിരിക്കും.
ശ്രേയഘോഷാൽ, വിജയ് യേശുദാസ്, മത്തായി സുനിൽ എന്നിവർ പാടുന്ന 3 ഗാനങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്സ്. ഹരിനാരായണനൊപ്പം ഈ ചിത്രത്തിലെ ഒരു ഗാനം എഴുതിയിരിക്കുന്നതും സുരേഷ് കൃഷ്ണൻ ആണ്.
ജയശ്രി ടീച്ചർ എന്ന ഹൈസ്കൂൾ അദ്ധ്യാപികയുടെ വൃഥകളിലൂടെ കോവിഡ് കാലം മുതൽ നമ്മുടെ അദ്ധ്യാപക സമൂഹം അനുഭവിക്കുന്ന അന്തർസംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രം നവരാത്രി നാളുകളിൽ തിയേറ്ററുകളിൽ എത്തും.

സൂക്ഷ്മമായ ജീവിത നിരീക്ഷണവും ചുറ്റുപാടുകൾക്കുനേരേ തുറന്നു പിടിച്ച കാഴ്ചയുമുളള എഴുത്തുകാരൻ എന്ന നിലയിൽ സുരേഷ് കൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ‘ജവാനും മുല്ലപ്പൂവും’ മലയാള സിനിമയ്ക്ക് പ്രതീക്ഷ കൾ സമ്മാനിക്കുന്നു.

Back to top button
error: