കോട്ടയം ജില്ലയിലെ ഇരാറ്റുപേട്ടക്ക് അടുത്തായി ഇല്ലിക്കൽ മലയുടെ മുകളിൽ സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ തണുപ്പും കോടയും ആവാഹിച്ച് തല ഉയർത്തി നില്ക്കുന്ന ഒരു ഏകശിലാരൂപമാണ് ഇല്ലിക്കൽ കല്ല്. മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്ന് കൊടൈക്കനാലിലെ പില്ലർ റോക്ക്സിനോട് സമാനമായ ഘടനയാണ് ഇതിനുള്ളത്. ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് ഫണം വിടർത്തിയ സര്‍പ്പത്തെ പോലെ കാണപ്പെടുന്ന പാറ കൂനന്‍ കല്ലെന്നും അറിയപ്പെടുന്നു.
പാറകൾക്കിടയിൽ 20 അടി താഴ്ചയുള്ള വിടവുണ്ട്. അവിടേക്കുപോകാൻ പ്രകൃതിയൊരുക്കിയ വളരെ ഇടുങ്ങിയൊരു വഴിയുണ്ട്. ഈ വഴിയുടെ പേരാണ് – ‘നരകപാലം’. അതിലൂടെ പോകുമ്പോൾ ഒന്ന് കാലുതെറ്റിയാൽ അഗാധമായ കൊക്കയിലേക്ക് ആയിരിക്കും പതിക്കുക. അടുത്തിടെ രണ്ടുപേർ ഇങ്ങനെ മരിച്ചിട്ടുണ്ട്. അതിനാൽ അവിടേക്കു പ്രവേശനം ഇപ്പോൾ തടഞ്ഞിരിക്കുകയാണ്.
ആദ്യകാലത്ത് ഇല്ലിക്കൽകല്ലിന്റെ ചുവട്ടിലുള്ള ഗുഹയിൽ കയറി, അവിടെ നിന്നും കാട്ടുമരങ്ങളാൽ ഏണി തീർത്ത്, ഈ കല്ലിന്റെ മുകളിൽ കയറിയ അതിസാഹസികരുമുണ്ട്..! സാഹസികത പരിധി വിടാതിരിക്കാൻ ഹാന്‍ഡ് റെയിൽ കെട്ടി ഒരു വ്യൂയിങ് ഗ്യാലറി നിർമ്മിച്ചിരിക്കുകയാണ് ഇപ്പോൾ. വ്യൂപോയിന്റിനടുത്ത് മരിച്ചവരുടെ പേരും വയസും സൂചിപ്പിക്കുന്ന ഒരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഒരു അപകട സാധ്യതാ മുന്നറിയിപ്പ് എന്ന നിലയിലാണ് ഇത് നല്‍കിയിരിക്കുന്നത്. വളരെ ലാഘവത്തോടേയും അലക്ഷ്യമായും യാത്ര ചെയ്യാൻ പറ്റിയ സ്ഥലമല്ല ഇല്ലിക്കൽ കല്ല് എന്നർത്ഥം!
ഈ പടുകൂറ്റൻ പാറയുടെ മറ്റേ പകുതി അടർന്നുവീണതിനാൽ ഒരു പകുതി മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. നിരവധി പർവത അരുവികൾ ഈ കൊടുമുടിയിൽ നിന്ന് ഉത്ഭവിച്ച് താഴേക്ക് ഒന്നിച്ചൊഴുകി മീനച്ചിലാറിന്റെ പോഷകനദിയായി തീരുന്നു.
സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളാണ് വളരെ പെട്ടെന്ന് ഇല്ലിക്കൽ കല്ലിനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്.എന്നാൽ പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പറയുന്നതുപോലെ മീനച്ചിലാർ ജന്മമെടുക്കുന്നത് ഇവിടെ നിന്നുമല്ല. 78 കിലോമീറ്റർ നീളമുള്ള മീനച്ചിലാർ ഇടുക്കി ജില്ലയിലെ വാഗമണ്ണിലുള്ള കുടമുരുട്ടി മലയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ മീനച്ചിലാറിനെ ഭേദപ്പെട്ട ഒരു നദിയായി പരിണമിപ്പിക്കുന്നതിൽ ചെറുതല്ലാത്ത ഒരു സംഭാവന ഇല്ലിക്കൽ കല്ലിൽ നിന്നും ഉത്ഭവിക്കുന്ന ചെറു അരുവികൾ വഹിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കാനാവില്ല.
എത്തിച്ചേരാൻ
കോട്ടയം, ഏറ്റുമാനൂര്‍, പാലാ, വാഗമണ്‍ റൂട്ടില്‍ തീക്കോയിലെത്തുക. ഇവിടെ നിന്ന് അടുക്കം വഴി ഇല്ലിക്കല്‍ക്കല്ലിലേക്ക് എത്തിച്ചേരാം. തൊടുപുഴ, മുട്ടം, മേലുകാവ്, മേച്ചല്‍, പഴുക്കാകാനം വഴിയും ഇല്ലിക്കല്‍ കല്ലിലേക്ക് പോകാം.
ഇല്ലിക്കൽ മലയിലേക്ക് ഇപ്പോൾ റോഡ് നിർമ്മിച്ചിട്ടുണ്ട്. 22 ഹെയർപിൻ കയറി വേണം ഏറ്റവും മുകളിൽ എത്തിച്ചേരാൻ.ഏകദേശം രണ്ടു കിലോമീറ്റോളം വരും ഇത്.നടക്കാൻ വയ്യാത്തവർക്ക് കെറ്റിഡിസിയുടെ കോൺട്രാക്ട് ജീപ്പ് സർവീസ് ലഭ്യമാണ്.ആളൊന്നിന് 59 രൂപയാണ് ചാർജ്.ക്യാമറ കൊണ്ടുപോവുകയാണെങ്കിൽ അതിനും വേറെ ചാർജ് നൽകേണ്ടിവരും.