ചെന്നൈ: ചലച്ചിത്ര താരം തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും 39കാരിയായ തൃഷ രംഗത്തേക്ക് വരിക. ദേശീയ പാർട്ടിയായ കോൺഗ്രസിൽ ചേരാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, വാർത്തയോട് താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തൃഷ നടത്തിയിട്ടില്ല.
ജനസേവനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള താരത്തിന്‍റെ തീരുമാനമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള മുൻനിര നടിയാണ് തൃഷ. നേരത്തെ തമിഴ്നടി ഖുശ്ബുവും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആദ്യം കോൺഗ്രസിൽ ചേർന്ന ഖുശ്ബു പിന്നീട് ബിജെപിയിലേക്ക് മാറി. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവനാണ്’ തൃഷയുടെ പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രം. കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കിയാണ് മണിരത്നം വൻതാരനിരയോടെ ചിത്രം ഒരുക്കിയത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, വിക്രം പ്രഭു എന്നിവർക്കൊപ്പം പ്രധാന വേഷത്തിലാണ് തൃഷയും. ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ‘കുന്തവി’ രാജ്ഞിയെയാണ് തൃഷ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ തൃഷയുടെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.
അരവിന്ദ് സ്വാമിക്കൊപ്പം സതുരംഗ വേട്ടൈ 2, അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദ റോഡ്, മലയാള ചിത്രമായ റാം എന്നിവയാണ് തൃഷയുടെ അടുത്ത ചിത്രങ്ങൾ. വലിമൈയും നേര്‍കൊണ്ട പാര്‍വൈയുമൊക്കെ ഒരുക്കിയ സംവിധായകന്‍ എച്ച് വിനോദിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു 2014ല്‍ പുറത്തെത്തിയ സതുരംഗ വേട്ട. വിനോദിന്‍റെ തന്നെ രചനയില്‍ നവാഗത സംവിധായകനായ എന്‍ വി നിര്‍മ്മല്‍ കുമാറിന്‍റെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് രണ്ടാംഭാഗമായ സതുരംഗ വേട്ട. പലകാരണങ്ങളാൽ റിലീസ് നീണ്ടുപോകുകയായിരുന്നു.