CrimeNEWS

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേത്

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദ്(26) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ജൂലൈ 17-ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞതോടെയാണ് പൊലീസ് മരണം സ്ഥിരീകരിച്ചത്.

കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്‌കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലീസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.

Signature-ad

ജൂലൈ 28-നാണ് മകന്‍ ഇര്‍ഷാദിനെ കാണാനില്ലെന്ന് ഉമ്മ നബീസ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കുന്നത്.
അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്ന അവസ്ഥയില്‍ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങള്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇന്നലെ അറസ്റ്റിലായ വൈത്തിരി സ്വദേശി ഷെഹീല്‍, കല്‍പ്പറ്റ സ്വദേശി ജിനാഫ്, സജീര്‍ എന്നിവരില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ഷാദ് പുഴയില്‍ ചാടിയെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു.

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം.

ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടുകയോ വീഴുകയോ ഉണ്ടായെന്നും കാര്‍ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്‍കിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കൊയിലാണ്ടി കടപ്പുറത്ത് ഒരു യുവാവിന്റെ ജീര്‍ണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയിരുന്നു. മേപ്പയൂര്‍ സ്വദേശിയായ ദീപക് എന്ന യുവാവിന്റേതാണ് മൃതദേഹമെന്ന നിഗമനത്തില്‍ അന്നുതന്നെ സംസ്‌കാരവും നടത്തുകയായിരുന്നു.

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തില്‍ വിദേശത്തേക്ക് തിരികെപ്പോയതാണെന്നുമാണ് പോലീസ് കണ്ടെത്തല്‍.

Back to top button
error: