അബുദാബി: പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്ന അബുദാബിയിലെ റെസ്റ്റോറന്റ് അധികൃതര്‍ അടച്ചുപൂട്ടി. പ്രമുഖരായ ഹതം റെസ്റ്റോറന്റിന്റെ ഔട്ട്ലറ്റാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി.
സുല്‍ത്താന്‍ ബിന്‍ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിലെ (മുറൂര്‍ റോഡ്) ഔട്ട്ലറ്റിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്നതോടെയാണ് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. ആവശ്യമായ കീടനിയന്ത്രണ നിലവാരമില്ലെന്നതാണ് പ്രധാനമായും കണ്ടെത്തിയ പ്രശ്നം.
നിയമലംഘനങ്ങള്‍ പരിഹരിച്ച് നിയമാനുസൃതമാക്കിയാല്‍ ഒരിക്കല്‍ കൂടി പരിശോധന നടത്തി റെസ്റ്റോറന്റ് തുറക്കാന്‍ അനുവാദം നല്‍കും. നിയമലംഘനം കണ്ടെത്തിയാല്‍ അവ പരിഹരിക്കാന്‍ ഔട്ട്ലറ്റുകള്‍ക്ക് സമയം നല്‍കും. പക്ഷേ മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി നേരിടേണ്ടി വരും. ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അബുദാബി സര്‍ക്കാരിന്റെ കോണ്ടാക്ട് സെന്റര്‍ നമ്പരായ 800555ല്‍ വിളിച്ച് അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.