NEWS

ലോട്ടറി അടിച്ചാലും വിടില്ല !!

തിരുവനന്തപുരം: ഇനിമുതൽ ലോട്ടറിയടിച്ച് കിട്ടുന്ന തുക വാങ്ങി തോന്നിയതുപോലെ ചെലവാക്കാമെന്ന് വിചാരിക്കണ്ട.സമ്മാനമായി കിട്ടിയ പണം എങ്ങനെ കെകാര്യം ചെയ്യാമെന്ന് വിജയികളെ ലോട്ടറിവകുപ്പ് തന്നെ പഠിപ്പിക്കും. ഇതിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസിൽ പങ്കെടുക്കണം. പണം ധൂർത്തടിക്കാതെ എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കാമെന്നാണ്  പഠിപ്പിക്കുന്നത്.
എല്ലാ ലോട്ടറി വിജയികളെയും ‘ ധനമാനേജ്മെന്റ്’ പഠിപ്പിക്കാനാണ് ലോട്ടറിവകുപ്പിന്റെ തീരുമാനം. ഇത്തവണത്തെ ഓണം ബംപർ വിജയികൾക്ക് ആദ്യ ക്ലാസ് നൽകാനാകുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. വിവിധ നിക്ഷേപ പദ്ധതികൾ, നികുതി ഘടന തുടങ്ങിയവയെക്കുറിച്ചെല്ലാം പഠിപ്പിക്കും. പാഠ്യപദ്ധതി ഒരു മാസത്തിനുള്ളിൽ തയ്യാറാകും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലായിരിക്കും ക്ലാസ്. ഒരുദിവസത്തെ ബോധവത്കരണ ക്ലാസാണ് ലക്ഷ്യം. ബുക്ക് ലെറ്റുകളും വിതരണംചെയ്യും.
ലോട്ടറിയടിക്കുന്നവരിൽ ഏറിയപങ്കും സാധാരണക്കാരാണ്. വൻതുക സമ്മാനം കിട്ടിയിട്ടും അനാവശ്യമായി ചെലവഴിച്ച് സാമ്പത്തിക പ്രതിസന്ധിയിലായ ഒട്ടേറെ സംഭവങ്ങളുണ്ട്. എങ്ങനെ സുരക്ഷിതമായി പണം നിക്ഷേപിക്കാമെന്ന് ധാരണയില്ലാത്തതാണ് പ്രശ്നം. ഇക്കാര്യത്തിൽ മാർഗനിർദേശം നൽകുകയാണ് ലക്ഷ്യമെന്ന് ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ പറഞ്ഞു.
അതേസമയം ലോട്ടറിയെടുക്കാതിരിക്കാനുള്ള ബോധവത്കരണമാണ് നടത്തേണ്ടതെന്നും ലോട്ടറിയെടുത്ത് മുടിഞ്ഞവർ നാട്ടിൽ ധാരാളമുണ്ടെന്നും സോഷ്യൽ മീഡിയ വഴി നിരവധി പേർ അഭിപ്രായപ്പെട്ടു.

Back to top button
error: