LIFEReligion

മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ ഏഴു മെത്രാപ്പോലീത്തമാര്‍ കൂടി അഭിഷിക്തരായി

കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പുതിയ ഏഴു മെത്രാപ്പോലീത്തമാര്‍ കൂടി അഭിഷിക്തരായി. ചരിത്ര പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ എബ്രഹാം മാര്‍ സ്തേഫാനോസ് (ഫാ. എബ്രഹാം തോമസ്), തോമസ് മാര്‍ ഇവാനിയോസ് (ഫാ.പി. സി തോമസ്), ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് (ഫാ വര്‍ഗീസ് ജോഷ്വാ). ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ്, (ഫാ. വിനോദ് ജോര്‍ജ്) ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് (കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍), ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് (ഫാ. റെജി ഗീവര്‍ഗീസ്),സഖറിയാ മാര്‍ സേവേറിയോസ് ( ഫാ. സഖറിയാ െനെനാന്‍) എന്നിവരാണ് അഭിഷിക്തരായത്. വിശുദ്ധ കുര്‍ബ്ബാന മധ്യേ ആരംഭിച്ച സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു.

രണ്ടു ഭാഗങ്ങളായിട്ടുളള ശുശ്രൂഷയില്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ സഭയുടെ വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ(സമ്മതപത്രം) വായിക്കുകയും അത് ഒപ്പിട്ട് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കു സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നു പട്ടത്വ പ്രഖ്യാപനം നടന്നു. ഇതിനുശേഷം കാതോലിക്കാ ബാവാ സ്ഥാനാര്‍ഥികളെ സ്ഥാനവസ്ത്രങ്ങള്‍(അംശവസ്ത്രങ്ങള്‍) ധരിപ്പിച്ചു. തുടര്‍ന്ന് അവരെ സിംഹാസനങ്ങളില്‍ ഇരുത്തി യോഗ്യന്‍ എന്ന അര്‍ത്ഥം വരുന്ന ഓക്സിയോസ് ചൊല്ലി സിംഹാസനം ഉയര്‍ത്തി. സ്ഥാനചിഹ്നങ്ങളായ കുരിശുമാലയും സ്ലീബായും ഏറ്റവും അവസാനം അംശവടിയും നല്‍കി.

അതിനു ശേഷം ഓരോരുത്തരും, ഉയര്‍ത്തിപ്പിടിച്ച സിംഹാസനത്തില്‍ ഇരുന്ന് ഏവന്‍ഗേലിയോന്‍(സുവിശേഷം) വായിച്ചു. സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷം നവാഭിഷിക്തരില്‍ മുതിര്‍ന്നയാളായ എബ്രഹാം മാര്‍ സ്തേഫാനോസ് വിശുദ്ധ കുര്‍ബാന പൂര്‍ത്തീകരിച്ചു. ഉച്ചയ്ക്ക് മൂന്നിന് നടന്ന അനുമോദന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.

Back to top button
error: