IndiaNEWS

കൊച്ചിയുടെ പുത്രന്‍ ഇനി രാജ്യത്തിന്റെ കരുത്ത്; വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി

കൊച്ചി: ആധുനിക സജ്ജീകരണങ്ങളോടെ കൊച്ചിന്‍ ഷിപ്യാര്‍ഡ് നിര്‍മിച്ച വിമാനവാഹിനി യുദ്ധക്കപ്പല്‍ വിക്രാന്ത് നാവികസേനയ്ക്കു കൈമാറി. വിവിധ ഘട്ടങ്ങളിലായി നിരവധി കടല്‍പരീക്ഷണങ്ങള്‍ നടത്തിയശേഷമാണ് കപ്പല്‍ സേനയ്ക്കു കൈമാറിയത്.

കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനില്‍ നിന്ന് നേവി അധികൃതര്‍ കപ്പല്‍ ഏറ്റുവാങ്ങി.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന അടുത്തമാസം ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകുന്നതോടെ വിക്രാന്ത് ഐ.എന്‍.എസ്. വിക്രാന്ത് ആകും.

Signature-ad

ഇന്ത്യന്‍ നാവികസേനയുടെ ശക്തനായ പോരാളിയാകാന്‍ കഴിയും വിധമാണ് കൊച്ചി കപ്പല്‍ശാല വിക്രാന്തിനെ തയാറാക്കിയിരിക്കുന്നത്. 262 മീറ്ററാണ് കപ്പലിന്റെ നീളം. നാലു ഗ്യാസ് ടര്‍ബൈനുകളില്‍ നിന്നുള്ള 88 മെഗാവാട്ട് വൈദ്യുതിയാണ് കപ്പലിന്റെ ഊര്‍ജസ്രോതസ്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈലാണ് വേഗത. 30 വിമാനങ്ങള്‍ ഒരേസമയം വഹിക്കാന്‍ കപ്പലിനു കഴിയും. മിഗ് 29 കെഫൈറ്റര്‍ ജെറ്റ്, കാമോവ് 31, എം.എച്ച് 60ആര്‍ മള്‍ട്ടി റോള്‍ ഹെലികോപ്ടര്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്ട് എന്നിവയ്ക്ക് ഇറങ്ങാനും പറക്കാനും കപ്പലില്‍ സൗകര്യമുണ്ട്.

റണ്‍വേയില്‍ ചുരുങ്ങിയ ദൂരം ഓടിയശേഷം പറക്കാനുള്ള സജ്ജീകരണവും ഈ അത്യാധുനിക കപ്പലിലുണ്ട്. സ്റ്റോബാര്‍ എന്നതാണ് ഈ സംവിധാനത്തിന്റെ പേര്. സ്‌കൈജംപിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 1971 ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുദ്ധക്കപ്പലായ വിക്രാന്തിന്റെ പേരാണ് പുതിയ കപ്പലിനും നല്‍കിയിരിക്കുന്നത്. 20,000 കോടി രൂപയാണ് കപ്പലിന്റെ ആകെ നിര്‍മാണച്ചെലവ്. ആഭ്യന്തരമായ ഉല്‍പ്പാദിച്ച ഉരുക്കുപയോഗിച്ചാണ് കപ്പല്‍ പൂര്‍ണമായും നിര്‍മിച്ചിട്ടുള്ളത്.

2009 ലാണ് കപ്പലിന്റെ നിര്‍മാണത്തിനായി കീലിട്ടത്്. 2013 ല്‍ ആദ്യമായി കപ്പല്‍ നീറ്റിലിറക്കി. 76 ശതമാനം സാങ്കേതികവിദ്യയും രാജ്യത്തിനകത്തു നിന്ന് തന്നെ ഉള്ളതാണ്. ഭാരത് ഹെലി ഇലക്ട്രിക്കല്‍സ്, കെല്‍ട്രോണ്‍, എല്‍ ആന്‍ഡ് ടി, കിര്‍ലോസ്‌കര്‍, ബെല്‍, ജി.ആര്‍.എസ്.ഇ, വാര്‍ട്സില ഇന്ത്യ എന്നീ രാജ്യത്തെ പ്രമുഖ കമ്പനികള്‍ക്കൊപ്പം നൂറില്‍പരം ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്.

Back to top button
error: