കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ. കോടതി. സാബിര്‍ ബുഹാരി, താജുദ്ദീന്‍ എന്നിവരാണു മറ്റ് പ്രതികള്‍. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ തമിഴ്നാട് സര്‍ക്കാര്‍ ജയിലിലടച്ചതിനു പ്രതികാരമായാണു തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചതെന്നാണു കുറ്റപത്രം. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.
2005 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു സംഭവം. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. 2010-ല്‍ മഅദനിയുടെ ഭാര്യ സൂഫിയ ഉള്‍പ്പെടെ 13 പേരെ പ്രതികളാക്കി എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ കേസിന്റെ വിസ്താരം പൂര്‍ത്തായാകും മുമ്പ് നസീര്‍ ഉള്‍പ്പെട മൂന്ന് പ്രതികള്‍ കുറ്റമേല്‍ക്കുന്നതായി കോടതിയെ അറിയിച്ചു.
ബസ് കത്തിക്കല്‍ കേസിലടക്കം നിരവധി വര്‍ഷം റിമാന്‍ഡില്‍ കഴിഞ്ഞതു ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്ന നിയമോപദേശപ്രകാരമാണു കുറ്റസമ്മതമെന്നാണു സൂചന. കേസിലെ മറ്റൊരു പ്രതി അനൂപും നേരത്തേ കുറ്റം സമ്മതിച്ചിരുന്നു. 10-ാം പ്രതിയായ സൂഫിയ മഅദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം ഉടന്‍ തുടങ്ങും.