KeralaNEWS

മരിച്ച നേതാവിന്റെ പേരില്‍ പിരിച്ച തുകയില്‍ ജില്ലാ നേതാവ് തിരിമറി നടത്തിയെന്ന് ആരോപണം: കൃത്യമായ കണക്കുണ്ടെന്നും ആരോപണം പ്രസ്ഥാനത്തെ കളങ്കപ്പെടുത്താനെന്നും ഡി.വൈ.എഫ്.ഐ.

തിരുവനന്തപുരം: അന്തരിച്ച നേതാവ് പി. ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐ പിരിച്ച ഫണ്ടില്‍ തിരിമറിയെന്ന ആക്ഷേപം നിഷേധിച്ച് ഡി.വൈ.എഫ്.ഐ. ഫണ്ട് തട്ടിപ്പ് നടന്നുവെന്നത് വ്യാജ വാര്‍ത്തയാണെന്നും സുതാര്യമായി സംഘടന പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഡി.വൈ.എഫ്.ഐ. മഹത്തായ പ്രസ്ഥാനത്തെ കളങ്കപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങളെന്നും ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ ആരോപിച്ചു.

പി. ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ‘റെഡ് കെയര്‍ സെന്ററും’ ആംബുലന്‍സ് സര്‍വീസും ആരംഭിക്കുന്നതിന് ഫണ്ട് പിരിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്ഐ പാളയം ഏരിയാ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നല്‍കിയത്. ഇങ്ങനെ പിരിച്ചെടുത്ത തുകയില്‍ തിരിമറി നടന്നതായാണ് ആരോപണം.

Signature-ad

ഒരുവര്‍ഷം മുമ്പ് 11,20,200 രൂപയാണ് പിരിച്ചെടുത്തതെന്നും എന്നാല്‍ മേല്‍ കമ്മറ്റിക്ക് 6 ലക്ഷം രൂപ മാത്രമാണ് കൈമാറിയതെന്നുമാണ് ആക്ഷേപം. അന്ന് ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് സെക്രട്ടറിയും ഇപ്പോള്‍ ജില്ലാ വൈസ് പ്രസിഡന്റുമായ എസ്. ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആരോപണം.

5,24,200 രൂപ അടയ്ക്കാതെ നേതാവ് കൈവശം വച്ചെന്ന് ഡിവൈഎഫ്‌ഐയിലെ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് മെയ് മാസം 7ന് ചേര്‍ന്ന സിപിഎം പാളയം ഏരിയാകമ്മറ്റി യോഗത്തില്‍ ഉണ്ടായ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ പല ഘട്ടമായി 1,32000 രൂപ കൂടി മേല്‍കമ്മറ്റിയില്‍ അടച്ചു. ഇനി മൂന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കൂടി അടയ്ക്കാനുണ്ടെന്നും ഈ പണം പലിശക്ക് കൊടുത്തെന്നുമാണ് പുറത്തുവന്ന വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തള്ളിയാണ് ഷിജു ഖാന്‍ രംഗത്തെത്തിയത്. പൊതുജനങ്ങളില്‍ നിന്ന് തുക പിരിച്ചിട്ടില്ല, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്ന് വിവിധ ചലഞ്ചുകള്‍ നടത്തിയാണ് ഫണ്ട് പിരിച്ചതെന്ന് അദ്ദേഹം പറയുന്നു.

ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഡി.വൈ.എഫ്.ഐക്ക് ലഭിച്ചിട്ടില്ല. പണം സമാഹരിച്ചതിന് വ്യക്തമായ കണക്കുണ്ട്. റെഡ് കെയര്‍ മന്ദിര നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം സാമ്പത്തിക കണക്ക് പുറത്തുവിടുമെന്നും ഷിജു ഖാന്‍ പറഞ്ഞു. പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്ന് പാളയം ബ്ലോക്ക് കമ്മിറ്റിയും നേരത്തെ വിശദീകരിച്ചിരുന്നു.

Back to top button
error: