IndiaNEWS

ആകെ നാണക്കേടായി; മമത വെടിഞ്ഞ് മമത; പാര്‍ഥ ചാറ്റര്‍ജിയെ എല്ലാ സ്ഥാനങ്ങളില്‍നിന്നും തെറിപ്പിച്ചു; വകുപ്പ് സ്വയം ഏറ്റെടുത്തു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയതലത്തില്‍ വന്‍ തിരിച്ചടിയും നാണക്കേടും സൃഷ്ടിച്ച പാര്‍ഥ ചാറ്റര്‍ജിക്കെതിരേ കടുത്ത നടപടികളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എല്ലാ മമതയും വെടിഞ്ഞ് മന്ത്രി സ്ഥാനത്തുനിന്നും പാര്‍ട്ടി പദവികളില്‍നിന്നും പാര്‍ഥ ചാറ്റര്‍ജിയെ മമത നീക്കി.

രാവിലെ മന്ത്രി സഭായോഗം ചേര്‍ന്ന് ചാറ്റര്‍ജിയെ പുറത്താക്കുകയും വ്യവസായ വകുപ്പിന്റെ ചുമതല മമത ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ഉച്ചകഴിഞ്ഞു ചേര്‍ന്ന പാര്‍ട്ടി അച്ചടക്ക സമിതി യോഗം എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും പാര്‍ഥ ചാറ്റര്‍ജിയെ നീക്കുകയായിരുന്നു. മമത മന്ത്രിസഭയില്‍ വ്യവസായ വകുപ്പിന്റെ ചുമതലയും തൃണമൂല്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടി സെക്രട്ടറി ജനറല്‍ പദവിയുമാണ് പാര്‍ഥ ചാറ്റര്‍ജി വഹിച്ചിരുന്നത്.

Signature-ad

അധ്യാപക നിയമന കോഴക്കേസില്‍ പാര്‍ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് മമതയുടെ നീക്കങ്ങള്‍. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ വഴി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതില്‍ കൈക്കൂലി വാങ്ങിയെന്നാണ് പാര്‍ഥയ്ക്കെതിരേയുള്ള ആരോപണം.

പാര്‍ഥയുടെ സഹായിയായ നടി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ ഇഡി പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെ പാര്‍ഥയേയും അറസ്റ്റ് ചെയ്തു. അര്‍പ്പിതയുടെ രണ്ട് ഫ്ളാറ്റുകളില്‍നിന്നായി ഇഡി ഇതുവരെ 50 കോടി രൂപയും അഞ്ചു കിലോ സ്വര്‍ണവും വിദേശ കറന്‍സിയും കണ്ടെടുത്തു. രണ്ടാമത്തെ ഫ്ളാറ്റില്‍നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാര്‍ഥയുടെതാണെന്നാണ് അര്‍പ്പിത ഇഡിയോട് വെളിപ്പെടുത്തിയിരുന്നു.

മമത ബാനര്‍ജിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി ബിജപി നിലപാട് കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് മന്ത്രിക്കെതിരേയുള്ള മമതയുടെ കടുത്ത നടപടികള്‍. പണം കണ്ടെത്തിയത് കൊണ്ടാണ് നടപടി സ്വീകരിച്ചത് എന്നാണ് മമതയുടെ പ്രതികരണം. ഇതിനിടെ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സ്വകാര്യ വസതിയില്‍ മോഷണം നടന്നതും ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 24 പര്‍ഗാനസ് ജില്ലയിലെ വസതിയില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

Back to top button
error: