ഒരു സിനിമാ കഥ പോലെ വിസ്മയം… ആരെക്കെയോ ചേർന്ന് നടത്തിയ ഒരു ഗൂഢതന്ത്രം……. നമ്മുടെ രാജ്യം ഞെട്ടലോടെ കണ്ട ഒരു ട്രെയിൻ റോബറി……
കഥ നടക്കുന്നത് തമിഴ്നാട്ടിലാണ്….
2016 ഓഗസ്റ്റ് 8 -ന് സേലം ഇന്ത്യൻ ഓവർസിസ് ബാങ്കിൽ നിന്നും ചെന്നൈ RBl-യിലേക്ക് അയച്ച മുഷിഞ്ഞതാണങ്കിലും ഉപയോഗിക്കാവുന്ന 325 കോടി രൂപ മൂല്യമുള്ള നോട്ടുകൾ… സേലം-ചെന്നൈ എക്സ്പ്രസ് ട്രയിനിലേക്ക് ഈ നോട്ടുകൾ പെട്ടികളിലാക്കി ലോഡ് ചെയ്യുന്നു ..സേലം സ്റ്റേഷനിൽ നിന്നും നോട്ടുകൾ ബോഗിയിൽ കയറ്റിയ ഉടനെ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് ബോഗി ലോക്ക് ചെയ്ത് സീൽ ചെയ്തു.
നോട്ടുകൾ കൊണ്ടു പോകുന്ന ബോഗിയുടെ സുരക്ഷക്കായി 18 പേരടങ്ങുന്ന ആയുധ ധാരികളായ പോലീസ് ഓഫീസർസ് തൊട്ട് അടുത്തുള്ള ട്രെയിൻ ബോഗിയിൽ കയറി.
സമയം രാത്രി 9 മണി….. സ്റ്റേഷൻ മാസ്റ്റർ പച്ചകൊടി കാട്ടുന്നു …
സ്റ്റേഷനിൽ ഒരു അസാധാരണത്വവും ഉണ്ടായിരുന്നില്ല. ട്രെയിനിന്റെയും ജനങ്ങളുടെയും TVപരസ്യങ്ങളുടെയും സ്റ്റേഷൻ മുന്നറിയിപ്പുകളുടെയും ശബ്ദം മാത്രം..
ഒരു സാധാരണ ദിവസത്തെപോലെ തന്നെ ട്രെയിൻ സ്റ്റേഷനിൽ നിന്നും ചൂളം വിളിച്ച് ചെന്നൈ ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചു .
രാജ്യം സുഖനിദ്രയിൽ മുഴുകിയ ഓഗസ്റ്റ് 9-ന് പുലർച്ചെ 3.57-ന് തന്നെ ട്രെയിൻ ചെന്നൈയിൽ എത്തിചേർന്നു..
ഉടനെ തന്നെ നോട്ടുകൾ കയറ്റിയ പാർസൽ ബോഗി ട്രെയിനിൽ നിന്നും വേർപ്പെടുത്തി യാർഡിലേക്ക് കൊണ്ടു പോകുന്നു.
രാവിലെ 11 മണിയോടെ RBI ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോലീസിന്റെ സാന്നിദ്ധ്യത്തിൽ ലോക്കിന്റെ സീൽ പൊട്ടിച്ച് ബോഗിയുടെ വാതിൽ തുറക്കുന്നു….
പക്ഷേ ഞെട്ടിക്കുന്ന കാഴ്ചയായിരുന്ന അതിനകത്ത് അവർ കണ്ടത് .. “ട്രെയിനിന്റെ മേൽ കൂരയിൽ ഒരാൾക്ക് ഇറങ്ങാൻ പാകത്തിനുള്ള ഒരു തുളയും നാല് കാലി പെട്ടികളും ” 5.78 കോടിയോളം വരുന്ന മുഷിഞ്ഞ ഇന്ത്യൻ രൂപകൾ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.
ഈ കേസിന് എന്തെങ്കിലും തുമ്പുണ്ടാക്കാൻ അധികൃതർക്ക് രണ്ട് വർഷം വേണ്ടിവന്നു. ആദ്യമെന്നും ഇതെങ്ങനെ സംഭവിച്ചതെന്ന് പോലീസിന് ഒരെത്തും പിടിയും കിട്ടിയിരുന്നില്ല. പിന്നീട് അവർ എത്തിചേർന്ന നിഗമനം യാത്രക്കാരുടെ നേർക്കായിരുന്നു. ഏറെ കൂട്ടലുകൾക്കും കിഴിക്കലുകൾക്കും ശേഷം അധികൃതർ ഒരു നിഗമനത്തിലെത്തുന്നു. മോഷണം നടന്നിരിക്കുന്നത് ട്രെയിൻ സേലം സ്റ്റേഷൻ കഴിഞ്ഞതിന് ശേഷമാണ് എന്നതാണ്. ഇങ്ങനെ ഒരു നിഗമനത്തിന് കാരണം സേലത്തിന് ശേഷമാണ് ട്രെയിൻ ഡീസൽ എൻജിനിലേക്ക് മാറുന്നതും ഈ പ്രദേശങ്ങളിൽ മാത്രമാണ് ആളുകൾക്ക് ട്രെയിനിന്റെ മുകളിലേക്ക് കയറുവാൻ പറ്റുന്നതെന്നുമാണ്.
സേലം മുതൽ വൃദ്ധാചലം വരെയുള്ള 138 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതീകരണം ഇല്ലാത്തതാണ് കള്ളൻമാർക്ക് സഹായകരമായത്. ആ അവസരം നന്നായി ഉപയോഗിക്കുകയും ചെയ്തു. ട്രെയിനിന് മുകളിലെത്തിയ കള്ളൻമാർ പണമുള്ള ബോഗി ലക്ഷ്യമാക്കി നീങ്ങുകയും വലിയ ദ്വാരമുണ്ടാക്കി ബോഗിക്ക് അകത്ത് കടക്കുകയും ചെയ്തു. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ഒരാൾക്ക് അകത്ത് ഇറങ്ങാൻ പാകത്തിന് ദ്വാരമുണ്ടാക്കി മോഷണം നടത്തി കടന്നുകളഞ്ഞത്.
ട്രെയിനിന് വേഗത കുറഞ്ഞപ്പോൾ വൃദ്ധാചലത്തോ അല്ലെങ്കിൽ ഏതെങ്കിലും സിഗ്നലിലോ പണവുമായി അവർ ചാടി ഇറങ്ങിയിരിക്കാം…
വൃദ്ധാ ചലത്ത് എത്തിയതിന് ശേഷം ഡീസൽ എൻജിൻ മാറ്റി ഇലക്ട്രിക്ക് എൻജിനാക്കുവാൻ ഏകദേശം ഒരു മണിക്കൂറോളം സമയമെടുക്കും ഈ സമയത്ത് കള്ളൻമാർ മറ്റൊരു ട്രെയിനിൽ കയറി രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം.
ഓടുന്ന ട്രെയിനിലാണ് കള്ളൻമാർ ദ്വാരമുണ്ടാക്കിയതെന്ന് ആദ്യം പോലീസുകാർ വിശ്വസിച്ചിരുന്നില്ല. വിരലടയാളമോ കാൽപാടുകളോ ഇല്ലാതിരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
പക്ഷേ പോലീസിൽ തന്നെ ഒരു വിഭാഗം വിശ്വസിക്കുന്നത് കള്ളന്മാരെ ഉദ്യോഗസ്ഥരിൽ ആരോ ട്രെയിനിനുള്ളിൽ കടക്കാൻ സഹായിച്ചു എന്നതാണ്.,,, സേലത്തിൽ നോട്ടുകൾ കയറ്റുമ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കള്ളൻമാർ അകത്ത് ഒളിഞ്ഞിരിക്കുന്നതാകാം എന്നതും ചെന്നൈ യാർഡിൽ RBl ഓഫീസർക്കുവേണ്ടിയുള്ള കാത്തിരിപ്പിനിടയിലും മേഷണ സാധ്യത ഉണ്ട് എന്നും ചിലെരെങ്കിലും വിശ്വസിക്കുന്നുണ്ട്.
ഏത് തിയ്യറി ആണങ്കിലും കള്ളൻമാർക്ക് കൃത്യമായി ഏത് ബോഗിയിലാണ് പണം ഉള്ളത് തുടങ്ങിയ വിവരം ഉദ്യോഗസ്ഥരിൽ നിന്നല്ലാതെ ലഭിക്കുകയില്ല എന്നതിൽ തർക്കമില്ല.
ട്രെയിൻ സഞ്ചരിച്ച 12 സ്റ്റേഷനുകളിലേയും CCTV ദൃശ്യങ്ങൾ പരിശോധിച്ചിട്ടും റെയിൽവേ ജീവനക്കാർ തുടങ്ങി യാത്രക്കാർ വരെ ഉള്ള 2,000 ത്തോളം ആളുകളെ ചോദ്യം ചെയ്തിട്ടും RB – CID കൾക്ക് യാതൊരു സൂചനകളും ലഭിച്ചില്ല.
സേലം മുതൽ വില്ലുപുരം വരെയുള്ള ടവറിന് കീഴിലുള്ള ആക്ടീവായ ഫോണുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വാഷണത്തിൽ നിന്നും 100-ഓളം ആക്ടീവ് ഫോണുകളിൽ നിന്നും 10 എണ്ണം സംശയത്തിന്റെ നിഴലിലായിരുന്നു. ഈ 11നമ്പറുകളും സഞ്ചരിച്ച പാതകളും അതിനിടയിലെ ടോൾ പ്ലാസകളിലെ CCTV ദൃശ്യങ്ങളും ശേഖരിച്ച് അന്വാഷണം നടത്തി .
കുറ്റകൃത്യം നടന്ന ദിവസത്തിൽ ട്രെയിൻ സഞ്ചരിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ നാസയിൽ നിന്നും ശേഖരിച്ചു. നാസയിൽ നിന്നുള്ള ചിത്രങ്ങളിൽ സേലത്തിനും വില്ലുപുരത്തിനും ഇടയിൽ വെച്ചാണ് മേൽക്കൂര തുരന്നതെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു..ഈ സംശയങ്ങൾ എല്ലാം ചെന്നെത്തിയത് മധ്യപ്രദേശിലെ അഞ്ച് കുപ്രസിദ്ധ ക്രിമിനലുകൾക്ക് നേരെയായിരുന്നു.
മോഷണങ്ങൾക്ക് പിന്നാലെ തന്നെ നോട്ട് നിരോധനവും വന്നതോടെ കള്ളന്മാർക്ക് പണം ചിലവഴിക്കാൻ അധിക സമയം കിട്ടിയില്ല. മധ്യപ്രദേശ് പേലീസുമായി സഹകരിച്ച് പണം ചിലവഴിക്കുവാനുള്ള സ്ഥലങ്ങൾ പേലീസ് നിരീക്ഷണത്തിലായിരുന്നു.
ഇതിലെ ഏറ്റവും വലിയ ആഭാസകരമായ കാര്യം എന്തെന്നു വെച്ചാൽ നശിപ്പിച്ച് കളയാനുള്ള നോട്ടുകൾ ആയത് കൊണ്ട് നോട്ടുകളുടെ സീരിയൽ നമ്പറുകൾ RBI രേഖപ്പെടുത്തിയിരുന്നില്ല എന്നതാണ്. അത് കൊണ്ട് തന്നെ നോട്ട് നിരോധനത്തിൻ തിരിച്ച് വന്ന നോട്ടുകൾ മോഷ്ടിക്കപ്പെട്ടതാണോ അല്ലയോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല അന്വേഷണ സംഘങ്ങൾക്ക്.
സാഹചര്യ തെളിവുകളും സങ്കേതിക ശാസ്ത്രീയ തെളിവുകളേയും ദൃക്സാക്ഷികളേയുമാണ് അന്വേഷണ സംഘം ആശ്രയിച്ചത്.
ഒടുവിൽ രണ്ടുവർഷത്തെ തിരച്ചിലിന് ശേഷം മധ്യപ്രദേശിലെ ഗുണ ജില്ലയിലെ മോഹർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഏഴ് അംഗങ്ങളെ സിബി-സിഐഡി സംഘം പിടികൂടി.
മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ആവശ്യമായ ഉത്തരവുകൾ ലഭിച്ചതിനെത്തുടർന്ന് അഞ്ച് പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടു. ഈ ചോദ്യം ചെയ്യലിലാണ് 2 കോടിയോളം രൂപ നോട്ടു നിരോധനത്തെ തുടർന്ന് കത്തിച്ച് കളഞ്ഞതായി അവർ വെളിപ്പെടുത്തിയത്.
കുറേയേറെ ചോദ്യങ്ങൾ ബാക്കിയാക്കി ആ അന്വേഷണവും ചോദ്യം ചെയ്യലും ട്രെയിൻ പാളം കണക്കെ നീണ്ടു കൊണ്ടെ ഇരിക്കുന്നു…….
(കവർച്ചക്കാർ തീവണ്ടിയുടെ മുകൾ ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് നീക്കിയ ദ്വാരമാണ് ചിത്രത്തിൽ കാണുന്നത്)