KeralaNEWS

ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു; എറണാകുളം-അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു. വത്തിക്കാന്‍ പ്രതിനിധി നേരിട്ട് എത്തി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലിയാണ് ഇന്ന് രാവിലെ കൊച്ചിയിലെത്തി മാര്‍ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്.

സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്ത് കരിയില്‍ വത്തിക്കാന്‍ പ്രതിനിധിക്കു കൈമാറിയെന്നാണ് വിവരം. ന്യൂണ്‍ഷ്യോയുടെ പേരില്‍ നല്‍കിയ കത്തില്‍ മാര്‍പാപ്പയുടെയും തിരുസംഘത്തിന്റെയും അനുമതിയോടെയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ കൂടിക്കാഴ്ചയില്‍ വത്തിക്കാന്റെ അന്തിമ നിലപാട് രാജിയാണെന്ന് പ്രതിനിധി വ്യക്തമാക്കുകയായിരുന്നു. സഭാപ്രതിനിധികളെയും ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം അറിയിച്ചു. ബിഷപ്പിന്റെ രാജിയോടെ അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണം നിലവില്‍ വരും. തീരുമാനങ്ങള്‍ സിറോ മലബാര്‍ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. അഡ്മിനിസ്‌ട്രേറ്റിവ് പാനലിനെ ഉടന്‍ സഭ തീരുമാനിക്കും.

Signature-ad

ഏകീകൃത കുര്‍ബാന വിഷയത്തില്‍ വത്തിക്കാന്റെയും സിനഡിന്റെയും നിര്‍ദേശം പാലിക്കാതിരുന്നതിനെത്തുടര്‍ന്ന് വത്തിക്കാന്‍ നേരത്തെ ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 19-ന് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ലിയോപോള്‍ദോ ജിറേല്ലി മാര്‍ ആന്റണി കരിയിലിന് കത്ത് കൈമാറിയത്. ഇതില്‍ നടപടിയുണ്ടാകാഞ്ഞതിനെത്തുടര്‍ന്ന് സ്ഥാനപതി നേരിട്ടെത്തി രാജി വാങ്ങി എന്നാണ് അറിയുന്നത്. ബിഷപ്പ് കുര്യന്‍ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു വത്തിക്കാന്‍ സ്ഥാനപതിയും ബിഷപ്പ് ആന്റണി കിരിയിലുമായുള്ള കൂടിക്കാഴ്ച്ച.

സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നല്‍കിയെന്ന ആരോപണമാണ് ബിഷപ്പ് ആന്റണി കരിയിലിനെതിരെ ഉയര്‍ന്നത്. സഭയിലെ 35 രൂപതകളില്‍ എറണാകുളം അതിരൂപതയില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കാത്തത്. ഭൂമിയിടപാട്, കുര്‍ബാന ഏകീകരണം തുടങ്ങി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മാര്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിച്ച വൈദികര്‍ക്കൊപ്പമായിരുന്നു ബിഷപ്പ് ആന്റണി കരിയില്‍.

ചേര്‍ത്തല സ്വദേശിയായ ബിഷപ്പ് ആന്റണി കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള ബിഷപ്പാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിന്‍സിപ്പല്‍, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ല്‍ ആണ് ചുമതലയേറ്റത്.

അതേസമയം, വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണ സമിതിയും കരിയിലിനെയാണ് പിന്തുണയ്ക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് രാജിവയ്‌ക്കേണ്ടതെന്നാണ് ഇവരുടെ നിലാപാട്. ഇന്നലെ സഭാ ആസ്ഥാനത്ത് വൈദികരും അല്‍മായരും യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുകയും ഇരുനൂറോളം വൈദികര്‍ ഒപ്പിട്ട കത്ത് മെത്രാന്മാര്‍ക്ക് അയക്കുകയും ചെയ്തിരുന്നു.

Back to top button
error: