IndiaNEWS

വിദ്യാര്‍ഥികള്‍ അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച് മംഗളുരുവിലെ പബ്ബില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ സദാചാര പോലീസിങ്ങും അതിക്രമവും

മംഗളൂരു: പബ്ബില്‍ അതിക്രമിച്ചുകയറിയ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറുകയും സദാചാര പോലീസിങ് നടത്തി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഇറക്കിവിടുകയും ചെയ്‌തെന്ന് പരാതി.

പബ്ബിലെത്തിയ വിദ്യാര്‍ഥികള്‍ അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നിര്‍ത്തിക്കുകയും വിദ്യാര്‍ഥികളോട് പബ്ബില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കഴിഞ്ഞദിവസം രാത്രി മംഗളൂരു ബാല്‍മാതയില്‍ പ്രവര്‍ത്തിക്കുന്ന ‘റീസൈക്കിള്‍’ പബ്ബിലായിരുന്നു സംഭവം.

പെണ്‍കുട്ടികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് തടഞ്ഞ പ്രവര്‍ത്തകര്‍, പബ്ബിലുണ്ടായിരുന്ന വിദ്യാര്‍ഥികളോടെല്ലാം ഉടന്‍ പുറത്തുപോകാനും ആവശ്യപ്പെട്ടു. ഇവര്‍ വിദ്യാര്‍ഥികളെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്.

കഴിഞ്ഞദിവസങ്ങളില്‍ ചില കോളേജ് വിദ്യാര്‍ഥികളുടെ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നതായും ഇതേ കോളേജിലെ വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസം പബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതെന്നും ബജ്റങ്ദള്‍ ജില്ലാ നേതാവ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. അതിനാലാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ പബ്ബിലെത്തി പാര്‍ട്ടി നിര്‍ത്തിച്ചതെന്ന് ഇയാള്‍ അവകാശപ്പെട്ടു.

അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ ശശികുമാറിന്റെ പ്രതികരണം. പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ഇരുപതോളം ആണ്‍കുട്ടികളും പത്തോളം പെണ്‍കുട്ടികളും പബ്ബില്‍നിന്ന് പുറത്തുപോവുകയായിരുന്നുവെന്നും പബ്ബ് അടയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: