IndiaNEWS

പ്രതിഷേധിച്ച എംപിമാര്‍ക്കെതിരേ രാജ്യസഭയിലും നടപടി; കേരളത്തില്‍നിന്നുള്ള റഹിം, ശിവദാസന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ 19 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. എ.എ. റഹിം, വി.ശിവദാസന്‍, പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.

ജിഎസ്ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്. ഇന്ന് രാവിലെ മുതല്‍ രാജ്യസഭാ നടപടികള്‍ തടസപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ പ്രതിഷേധമുണ്ടായി.

ഇതോടെ സഭ നിര്‍ത്തിവച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷം സഭ ചേര്‍ന്നതോടെ 19 എംപിമാരെ സസ്പെന്റ് ചെയ്ത എന്നാണ് വിശദീകരണം.

കേരളത്തില്‍ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ക്കു പുറമേ കനിമൊഴി സോമു, തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്‌പെന്‍ഷന്റെ കാരണമായി പറയുന്നത്.

വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരെ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ടിഎന്‍ പ്രതാപന്‍, രമ്യഹരിദാസ് അടക്കമുളളവരെയാണ് വര്‍ഷകാലസമ്മേളനം കഴിയും വരെ പുറത്താക്കിയത്. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്ന് പ്രതിപക്ഷ പ്രതിഷേധമുണ്ടായി.

 

Back to top button
error: