CultureLIFESocial Media

മാതൃത്വത്തിന്റെ കവയിത്രിക്ക് പിറന്നാള്‍ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍; അഭിമാന നിറവില്‍ മലയാളവും

കൊച്ചി: മാതൃത്വത്തിന്റെ കവയിത്രി എന്ന പേരില്‍ ആസ്വാദകര്‍ വാഴ്ത്തുന്ന മലയാളത്തിന്റെ സ്വന്തം ബാലാമണിയമ്മയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. 113-ാം ജന്മവാര്‍ഷികമായ ഇന്ന്, ബാലാമണിയമ്മയോടുള്ള ആദരസൂചകമായി പ്രത്യേക ഗ്രാഫിക്കോടെയാണ് ഗൂഗിള്‍ ഡൂഡില്‍ തയാറാക്കിയത്.

വെള്ള സാരി ധരിച്ച് പുസ്തകങ്ങള്‍ക്കരികിലായി ഇരുന്ന് എഴുതുന്ന ബാലാമണിയമ്മയെയാണ് ഗൂഗിള്‍ ഡൂഡിലില്‍ കാണാനാകുക. ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാനപേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. കേരളത്തില്‍ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രനാണ് ഇന്നത്തെ ഡൂഡില്‍ ചിത്രീകരിച്ചത്.

Signature-ad

ലോകമെമ്പാടുമുള്ള ഗൂഗിള്‍ ഉപഭോക്താക്കളിലേക്ക് മലയാളത്തിന്റെയും ബാലാമണിയമ്മയുടെയും ഖ്യാതി ഗൂഗിള്‍ ഡൂഡിലൂടെ എത്തുമ്പോള്‍ രാജ്യത്തിനും കേരളത്തിനും മലയാളിക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്. ബാലാമണിയമ്മയുടെ പിറന്നാള്‍ ഗൂഗിള്‍ ഏറ്റെടുത്തത് രാജ്യത്തെ പ്രധാന മാധ്യമങ്ങളും ഇതിനോടകം വാര്‍ത്തയാക്കി.

തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടുവീട്ടില്‍ 1909 ജൂലൈ 19-നാണ് ബാലാമണിയമ്മ ജനിച്ചത്. ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജ, നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ എന്നിവരാണ് മാതാപിതാക്കള്‍. രാജ്യത്തിന്റെ ഏറ്റവും ആദരണീയമായ സാഹിത്യ പുരസ്‌കാരമായ സരസ്വതി സമ്മാന്‍, ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ എന്നിവയുള്‍പ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങള്‍ ബാലാമണിയമ്മയെത്തേടി എത്തിയിട്ടുണ്ട്.

ഔപചാരികമായ പരിശീലനമോ വിദ്യാഭ്യാസമോ ലഭിച്ചിട്ടില്ലാത്ത ബാലാമണിയമ്മ, സ്വപ്രയത്‌നത്തിലൂടെ മലയാള സാഹിത്യത്തറവാട്ടില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിത്വമാണ്. പ്രശസ്ത മലയാളി കവി കൂടിയായ അമ്മാവന്‍ നാലപ്പാട്ട് നാരായണ മേനോനാണ് വീട്ടില്‍ നിന്നുതന്നെ കവയത്രിയെ പഠിപ്പിച്ചത്. ചെറുപ്പത്തില്‍ പഠിച്ച പുസ്തകങ്ങളുടെയും കൃതികളുടെയും വലിയ ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. 19-ാം വയസ്സില്‍ മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ വി.എം.നായരെ ബാലാമണിയമ്മ വിവാഹം കഴിച്ചു.

‘കൂപ്പുകൈ’ ആണ് ബാലാമണിയമ്മയുടെ ആദ്യ കവിത. മാതൃത്വത്തിന്റെ മഹനീയതയെ കുറിച്ചായിരുന്നു ബാലാമണിയമ്മയുടെ ആദ്യകാല കവിതകള്‍. അമ്മ (1934), മുത്തശ്ശി (1962), മഴുവിന്റെ കഥ (1966) എന്നിവയാണ് ബാലാമണിയമ്മയുടെ ഏറ്റവും പ്രശസ്തമായ കൃതികള്‍. മലയാള സാഹിത്യത്തിലെ മുത്തശ്ശിയായിട്ടാണ് ബാലാമണിയമ്മ അറിയപ്പെടുന്നത്. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. അഞ്ചുവര്‍ഷത്തെ അല്‍ഷിമേഴ്‌സ് രോഗത്തിനൊടുവില്‍, തന്റെ 95-ാം വയസ്സില്‍ 2004 സെപ്റ്റംബര്‍ 29-ന് ബാലാമണിയമ്മ അന്തരിച്ചു.

Back to top button
error: