KeralaNEWS

കർക്കിടകഞ്ഞി എന്ന മരുന്ന് കഞ്ഞി ഔഷധസമ്പുഷ്ടം, ആരോഗ്യദായകം; എങ്ങനെ തയാറാക്കാം?

കർക്കിടചികിത്സയിൽ ഏറെ വിശേഷപ്പെട്ടതാണ് കർക്കിട കഞ്ഞി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള കർക്കിടകഞ്ഞി ശരീരത്തിനുണ്ടാക്കുന്ന മാറ്റം ചെറുതല്ല. ഞവര അരി ഉപയോഗിച്ച് തയ്യാറാക്കുന്ന കർക്കിടക കഞ്ഞി ഔഷധങ്ങളാൽ സമ്പുഷ്ടമാണ്. ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത. കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം എന്നാണ് പഴമക്കാർ പറയുന്നത്.

കർക്കിടക കഞ്ഞി തയ്യാറാക്കുന്ന വിധം:

❖ ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി

❖ മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറിന്നില – ഇവയെല്ലാം സമൂലം പറിച്ച് നന്നായി കഴുകി ചതയ്‌ക്കുക.

❖ കുറുന്തോട്ടി- വേര് മാത്രം

❖ ഉലുവ, ആശാളി ഇവ പൊടിച്ചു ചേർക്കുക.

❖ കക്കുംകായ- പരിപ്പ്

❖ ചെറുപയർ- പൊടിച്ചു ചേർക്കുക.

മരുന്നുകൾ എല്ലാം കൂടി 30ഗ്രാം / 60ഗ്രാം ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം തേങ്ങ പീര ഇടാം. ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ഇന്തുപ്പോ കല്ലുപ്പോ ചേർത്ത് കഴിക്കാം.

ഔഷധകഞ്ഞി കുടിയ്‌ക്കുന്ന ദിവസങ്ങളിൽ മദ്യപാനം, സിഗരറ്റുവലി, ചായ, ഇറച്ചി, മീൻ എന്നിവ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടർന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കിൽ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആചാര്യന്മാർ പറയുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്.

കർക്കിടക മരുന്ന് കഞ്ഞി:

ഞെരിഞ്ഞിൽ, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിന വേര് , ചെറു തിപ്പലി, കാട്ടുതിപ്പലി വേര്, ചുക്ക്, മുത്തങ്ങ, ഇരുവേലി, ചവർക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാർകോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, കൊത്തമ്പാലയരി, ഏലക്കായ, ജീരകം, കരിംജീരകം, പെരുംജീരകം ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക .

പർപ്പടകപ്പുല്ല്, തഴുതാമയില, കാട്ടുപടവലത്തിൻ ഇല, മുക്കുറ്റി, വെറ്റില, പനികൂർക്കയില,കൃഷ്ണതുളസിയില 5 എണ്ണം, ഇവ പൊടിക്കുക. 10 ഗ്രാം പൊടി, ഇലകൾ പൊടിച്ചതും ചേർത്ത്, 1 ലിറ്റർ വെള്ളത്തിൽ വേവിച്ച്, 250 മില്ലി ഞവരയരി, കാരെള്ള് (5ഗ്രാം) ഇവയും ചേർത്ത് വേവിച്ച്, പനംകൽക്കണ്ടും ചേർത്ത്, നെയ്യിൽ ഉഴുന്നുപരിപ്പ്, കറുത്ത മുന്തിരിങ്ങ ഇവ വറുത്ത്, അര മുറി തേങ്ങാപ്പാൽ ചേർത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ കഴിക്കുക.

Back to top button
error: