NEWS

ഓണം പൂവിടുന്ന ഗുണ്ടൽപേട്ടും ഗോപാൽസ്വാമി ബേട്ട ക്ഷേത്രവും

യനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതം കഴിഞ്ഞാൽ മൈസൂരിലേക്കുള്ള യാത്രകളിൽ ആദ്യം വരവേൽക്കുന്ന തനിനാടൻ കന്നഡ ഗ്രാമമാണ് ഗുണ്ടൽപേട്ട്.ഓരോ കാലത്തും ഇവിടുത്തെ ആകാശത്തിനെന്നപോലെ കൃഷിയിടത്തിനും പല നിറമാണ്.സൂര്യകാന്തിയും കടുകും വിളയുമ്പോൾ മഞ്ഞപ്പാടം.നിലക്കടല വിളയുമ്പോൾ ചാരനിറം, പച്ചപുതയ്ക്കുന്ന പച്ചക്കറിപാടങ്ങൾ ഇതിന്റെ ഇടവേളകളിലെല്ലാം ചുവന്ന മണ്ണിന്റെ വലിയ ക്യാൻവാസും അതിനിടയിൽ മേഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളും.
 സൂര്യകാന്തിയും ചെണ്ടുമല്ലിയും വിളയുന്ന പാടങ്ങൾ പൂത്തുലയുന്നതോടെ ഇവിടെ സഞ്ചാരികളെ കൊണ്ട് നിറയും.ഒപ്പം കർഷകരുടെ മനസ്സും.കൃഷിത്തോട്ടങ്ങളിൽ പോസ് ചെയ്തു നിന്ന് ഫോട്ടോയെടുക്കാൻ മത്സരിക്കുന്ന സഞ്ചാരികൾ നൽകുന്ന തുട്ടുകളാണ് അവരുടെ എന്നത്തേയും ബോണസ്.നേരം വെളുത്ത തുടങ്ങിയാൽ പിന്നെ ഇരുൾ വീഴുന്നതുവരെയും കന്നുകലികളെയും കൊണ്ട് നിലം ഉഴുതുമറിക്കുന്ന കർഷകർക്ക് പൂപ്പാടങ്ങൾ ഒരുക്കാനുള്ള വിത്തുകൾ നൽകുന്നത് കുത്തക കമ്പനികളാണ്.പകരം പൂവ് നൽകണമെന്നാണ് കരാർ.വിലയെല്ലാം സാധാരണ പോലെ തന്നെ.ഒരു കിലോയ്ക്ക് മൂന്നുരൂപ.നഗരത്തിലെത്തിച്ചാൽ കമ്പനിക്ക് കിട്ടും മുന്നൂറു രൂപ.ഇതൊന്നും ഇവരറിയേണ്ട.സ്വന്തം ഭൂമിയിൽ അഭയാർത്ഥിയായി മാറിപ്പോയവർക്ക് ചോദ്യമുയർത്താനുള്ള നാവും എന്നോ നഷ്ടമായതാണ്.
ഒരു വിള കൃഷി കഴിഞ്ഞാൽ മറ്റൊരു കൃഷിക്ക് ചെറിയൊരു ഇടവേളയുണ്ടാകും. ഇക്കാലത്താണ് പച്ചക്കറികൾ ഗ്രാമീണർ കൃഷി നടത്തുക.ഇവിടെ വിളവെടുപ്പ് തുടങ്ങുമ്പോളേക്കും മലയാളികളായ കച്ചവടക്കാരാണ് ആദ്യം ഓടിയെത്തുക. തക്കാളി മുതൽ ബീറ്റ്റൂട്ടും വെള്ളരിയുമെല്ലാം വേണം.ഒന്നിനും കിലോയ്ക്ക് അഞ്ചുരൂപയിൽ കൂടാനും പാടില്ല.വിലപേശാൻ മിടുക്കരായ മലയാളികളും ഇവരുടെ കണ്ണീരിനും കഷ്ടപ്പാടുകൾക്കും ചില്ലറ തുട്ടുകളാൽ വിലയിട്ടു നൽകും.അതിർത്തി കടന്നാൽ അഞ്ചിരട്ടി വിലയിട്ട പച്ചക്കറി വാങ്ങാൻ മലയാളികൾ കാത്തുനിൽപ്പുണ്ട്. ഓണമെത്തിയാൽ കച്ചവടക്കാരുടെ എണ്ണം കൂടും.ഇവർക്കിടയിലെ മത്സരം കൃഷിക്കാർക്ക് അൽപ്പം ആശ്വാസമാണ്.വില അൽപ്പം കൂട്ടിയെടുക്കാൻ കച്ചവടക്കാർ വരുന്ന ഓണക്കാലം അതുകൊണ്ടാണ് അവർക്കും ദേശീയ ഉത്സവമായി മാറിയത്.
കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലാണ് ഗുണ്ടല്‍പേട്ട്.കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം ഇന്ന് പല സിനിമാക്കാരുടെയും പ്രിയപ്പെട്ട ഇടമാണ്.വയനാട് അതിര്‍ത്തി കഴിഞ്ഞ് 16 കിലോമീറ്റര്‍ ബന്ദിപ്പൂര്‍ വനമേഖലയും പിന്നിട്ടാല്‍ മദൂര്‍ മുതല്‍ പൂക്കള്‍ വിരിഞ്ഞു നിറഞ്ഞ ഗുണ്ടല്‍പേട്ടിലെ കൃഷിയിടങ്ങള്‍ ആരംഭിച്ചു തുടങ്ങും.പിന്നെ 18 കിലോമീറ്ററോളം ഗുണ്ടല്‍പേട്ട് വരെ റോഡിനിരുവശവും വിളവെടുപ്പിന് പാകമായ പല തരത്തിലുള്ള പൂക്കള്‍ കൃഷി ചെയ്ത പൂപ്പാടങ്ങള്‍ കാണാം.ഗുണ്ടല്‍പേട്ടിലെ ഉള്‍ഗ്രാമങ്ങളിലേക്ക് കടന്നാല്‍ പൂക്കളുടെ നിറക്കാഴ്ച തന്നെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഗുണ്ടല്‍പേട്ടിലെ മുളകും പ്രസിദ്ധമാണ്.ഇവിടുത്തെ മറ്റു കൃഷികള്‍ തണ്ണിമത്തന്‍,തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും  കടല,റാഗി,കരിമ്പ്,മഞ്ഞള്‍,വാഴ, ഉള്ളി ഒക്കെയാണെങ്കിലും പൂക്കള്‍ കൊണ്ടാണ് ഗുണ്ടല്‍പേട്ട് പ്രസിദ്ധമായത്.വ്യാവസായികാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പൂവ് കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഗുണ്ടല്‍പേട്ട്.
നീലഗിരി മലനിരകൾ അതിരിടുന്ന ഗോപാൽസ്വാമി ബേട്ട ഒരു നിഴൽ ചിത്രമായി മുന്നിൽക്കാണാം.നൂലു പിടിച്ചതുപോലെയുള്ള പാതയിലൂടെ പൂപ്പാടങ്ങൾ പിന്നിട്ടാൽ ഗോപാൽസ്വാമി അമ്പലത്തിന്റെ കവാടമായി.കർണ്ണാടക വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് വനജ്യോത്സനകൾ തിടമ്പേറ്റി നിൽക്കുന്ന ഈ പരിസരമൊന്നാകെ.സമുദ്ര നിരപ്പിൽനിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള മാനം തൊടുന്ന മലനിരകലിലേക്ക് ചുരം കയറി വേണമെത്താൻ. ഇരുവശത്തും മഴക്കാടുകളുണ്ട്.ഗുണ്ടൽപേട്ട് താഴ് വാരങ്ങളിൽ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം.പാറക്കല്ലുകൾ പോലെ ചെറുതായി ആനക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്ന കാഴ്ച ഗോപാൽസ്വാമി ബേട്ടയിലെ മാത്രം കാഴ്ചയാണ്.സദാസമയവും മഞ്ഞു പുതഞ്ഞുനിൽക്കുന്ന ക്ഷേത്രം തീർത്ഥാടകരുടെ എന്നത്തേയും പുണ്യഭൂമിയാണ്.കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: