തിരുവനന്തപുരം: പൂര്‍ത്തിയാകാറായ പദ്ധതികള്‍ക്ക് മുന്നില്‍ നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികള്‍ കൂടി എണ്ണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലാണ് ദേശീയപാതകളിലെ കുഴികളുടെ പേരില്‍ മന്ത്രി കേന്ദ്രമന്ത്രിമാരെ പരിഹസിച്ചത്.
‘നമ്മുടെ സംസ്ഥാനത്ത് ജനിച്ച്, ഇവിടെ കളിച്ച് വളര്‍ന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാ അംഗമായി പിന്നെ കേന്ദ്രമന്ത്രി വരെ ആയ ഒരു വ്യക്തിയുണ്ട്. നല്ല കാര്യം തന്നെ. എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്നുമുണ്ട് അദ്ദേഹം. അതും നല്ല കാര്യം തന്നെ. നടത്തുന്ന പത്രസമ്മേളനത്തെക്കാള്‍ കൂടുതല്‍ കുഴികള്‍ കേരളത്തിലെ ദേശീയപാതകളിലുണ്ട് എന്നത് ഒരു വസ്തുതയാണ്.
വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹരിക്കാന്‍ ഒരു ഇടപെടലും നടത്തിയില്ല. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തേക്ക് ഒരുപാട് കേന്ദ്രമന്ത്രിമാര്‍ വരുന്നുണ്ട്. അത്തരം കേന്ദ്രമന്ത്രിമാര്‍ ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള റോഡുകളുടെ കുഴികള്‍ എണ്ണാനും അത് അടയ്ക്കാനും കൂടി ചുമതലയെടുത്ത് ശ്രദ്ധിക്കുന്നത് നന്നാകും’- റിയാസ് നിയമസഭയില്‍ പറഞ്ഞു.
ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 25 ശതമാനം തുകയാണ് കേരളം നല്‍കിയത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും തയ്യാറാകാത്ത കാര്യമാണിതെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. വികസനത്തിന്റെ എവര്‍റോളിംഗ് ട്രോഫി ആഗ്രഹിച്ചല്ല ഇതെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി എസ്. ജയ്ശങ്കര് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കഴക്കൂട്ടം മേല്‍പ്പാലം സന്ദര്‍ശിച്ചതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ലോകകാര്യങ്ങള്‍ നോക്കുന്ന തിരക്കുള്ള മന്ത്രി കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിലെ ചേതോവികാരം അറിയാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.