കോപ്പൻഹേഗൻ (ഡെൻമാർക്ക്): യൂറോപ്പിനെ ഞെട്ടിച്ച് ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെ മാളിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ മരിച്ചെന്ന് റിപ്പോർട്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഡാനിഷ് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടന്ന കോപ്പൻഹേഗൻ സിറ്റി സെന്ററിനും വിമാനത്താവളത്തിനും ഇടയിലുള്ള വലിയ ഫീൽഡ് മാളിന് ചുറ്റും സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കോപ്പൻഹേഗൻ പൊലീസ് ട്വിറ്ററിൽ കുറിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നു.
നൂറുകണക്കിന് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാളിൽ, പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെ ഏറെ തിരക്കുള്ള സമയത്താണ് വെടിവെപ്പ് നടന്നത്. ബ്രിട്ടീഷ് ഗായകൻ ഹാരി സ്റ്റെയ്ൽസിന്റെ പരിപാടി നടക്കുന്നതിന് ഒന്നര കിലോമീറ്റർ സമീപത്തായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് പരിപാടി മാറ്റി. കഴിഞ്ഞയാഴ്ച നോർവേ നഗരമായ ഒസ്ലോയിലെ ബാറിന് പുറത്ത് വെടിവെപ്പ് നടന്നിരുന്നു. അന്ന് രണ്ട് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.