NEWS

റാന്നിയുടെ പൂർണ്ണചന്ദ്രിക

ചന്ദ്രിക എന്ന ബസും റാന്നി-പുനലൂർ റൂട്ടും

റാന്നി: ‘ചന്ദ്രിക’ ഒരു സ്വകാര്യ ബസ് മാത്രമായിരുന്നില്ല. 77 വര്‍ഷമായി നാട്ടുകാരുടെ യാത്രാസംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു പേരുകൂടിയാണ് അത്.ചന്ദ്രിക ബസിനെ ആശ്രയിച്ച് പഠിച്ചിറങ്ങിയവർ തൊഴിൽ തേടി പോയവർ, പെണ്ണ് കാണാൻ പോയവർ,ഒളിച്ചോടിയവർ….അങ്ങനെ പോകുന്നു ബസ്സിലെ യാത്രക്കാരുടെ തരംതിരിവ്.
തമിഴനെയും മലയാളിയെയും കൂട്ടിയിണക്കുന്നതിലും ചന്ദ്രികയ്ക്ക് പങ്കുണ്ടായിരുന്നു.പുലര്‍ച്ചെ മൂന്നു മണിക്ക് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന മധുരയില്‍നിന്നുള്ള തീവണ്ടി യാത്രക്കാരെ വീടുകളില്‍ എത്തിച്ചിരുന്നതും ചന്ദ്രിക ബസാണ്.
ഒരു കാലത്ത് പത്തനംതിട്ടയില്‍നിന്നുള്ള തപാല്‍ ഉരുപ്പടികള്‍ വിവിധ പോസ്റ്റോഫീസുകളില്‍ എത്തിക്കുന്നത് ചന്ദ്രിക ബസിലൂടെയായിരുന്നു. റാന്നി മുതല്‍ പുനലൂര്‍ വരെയുള്ള 20 തപാല്‍ ഓഫീസുകളിലെ മെയിലുകളാണ് ചന്ദ്രിക ബസ് രാവിലെയും വൈകിട്ടുമായി കൊണ്ടു പോയിരുന്നത്. മദ്രാസ് മെയിൽ എന്ന ട്രെയിനിന്റെ ബ്രാൻഡ് പേരുപോലെ ചന്ദ്രിക ബസിനും പതിഞ്ഞു പോയ പേരാണ്- മെയിൽ.ഓടിക്കിതച്ച് ബസ് സ്റ്റോപ്പിലെത്തി ‘മെയിൽ’ പോയോ എന്ന് അന്വേഷിക്കുന്ന യാത്രക്കാർ അന്ന് റാന്നി-പുനലൂർ റൂട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു.
പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കയറാന്‍ പെര്‍മിറ്റുള്ള ഏക സ്വകാര്യ ബസായിരുന്നു അന്ന് ചന്ദ്രിക. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് റാന്നിയില്‍നിന്ന് തുടങ്ങിയതാണ് ചന്ദ്രിക ബസിന്റെ ആരംഭം.ചന്ദ്രികയ്ക്ക് ഒപ്പമുണ്ടായിരുന്ന ബസുകളെല്ലാം നിരത്തിൽ നിന്ന് ഒഴിഞ്ഞിട്ടും പാരമ്പര്യം കാക്കാന്‍ ചന്ദ്രിക സര്‍വീസ് ഇന്നും റാന്നി-പുനലൂര്‍ റൂട്ടില്‍ ഓടുന്നു.ബസ് സര്‍വീസ് രംഗത്തെ വെല്ലുവിളികളും കഷ്ടനഷ്ടങ്ങളും നേരിടേണ്ടി വന്നെങ്കിലുംയാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായ ചന്ദ്രിക ഒരു ബസുമായി പുനലൂര്‍-റാന്നി റൂട്ടിലുണ്ട്.പണ്ട് റാന്നി-പുനലൂർ റൂട്ടിൽ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ഒരു ഡസനിലേറെ ബസുകളുടെ സ്ഥാനത്താണ് ഇത്.
1945-ല്‍ റാന്നി അകത്തേത്ത് വീട്ടില്‍ കെ.എസ്.ഏബ്രഹാമാണ് ചന്ദ്രിക ബസ് സര്‍വീസിന് തുടക്കം കുറിച്ചത്.ആവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ബസ്സുകളായിരുന്നു ആദ്യം. തുറന്ന ബസ്സുകളായിരുന്നു ഇവ. നാലുമണിക്ക് പുറപ്പെടണമെങ്കില്‍ മൂന്നുമണിക്കേ വിറകുകത്തിച്ച് കരി തയ്യാറാക്കണമായിരുന്നു.കരിയുമായി വഴിനീളെ നില്‍ക്കുന്ന ജീവനക്കാരും ഉണ്ടായിരുന്നു.
പഴയകാലത്ത് രണ്ടുവശങ്ങളിലും പുറകിലുമായി ബെഞ്ച് ഇട്ട മാതൃകയിലുള്ള ഇരിപ്പിടങ്ങള്‍ ആയിരുന്നു യാത്രക്കാര്‍ക്ക് ക്രമീകരിച്ചിരുന്നത്. ജനറല്‍ മോട്ടോര്‍ കമ്പനിയുടെ വാഹനമായിരുന്നു തുടക്കത്തില്‍. പിന്നീട് ബെഡ്‌ഫോര്‍ഡ്, ഷെവര്‍ലെ, ഫെര്‍ഗോ, ലൈലാന്‍ഡ് എന്നിങ്ങനെ ആയി ബസുകളുടെ നിലവാരം.
12 സര്‍വീസുകള്‍വരെ ചന്ദ്രികയ്ക്കുണ്ടായിരുന്നു. കുമ്പഴയിലും റാന്നിയിലും പാലമില്ലാത്തതിനാല്‍ കടത്തുകള്‍ വരുന്നതനുസരിച്ചുള്ള സമയക്രമീകരണമായിരുന്നു സര്‍വീസിന്. റാന്നി-കൊല്ലം, വെച്ചൂച്ചിറ-കൊല്ലം, മുണ്ടക്കയം-പുനലൂര്‍, തോണിക്കടവ്-പുനലൂർ,പത്തനാപുരം-ചാലാപ്പള്ളി, തെക്കേമല-പുനലൂര്‍, കൊല്ലം-കുളത്തൂപ്പുഴ ഈ റൂട്ടുകളിലെല്ലാം ചന്ദ്രിക സര്‍വീസ് നടത്തിയിരുന്നു. പത്തനംതിട്ട, കോന്നി, റാന്നി പ്രദേശത്തുള്ളവര്‍ തമിഴ്‌നാട്ടിലെ പഴയ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനിലും മധുരയിലും നാഗൂര്‍ തീര്‍ഥാടനത്തിനും പോയിരുന്നത് പുനലൂര്‍ റെയില്‍വേസ്റ്റേഷന്‍ വഴിയായിരുന്നു. തീവണ്ടി സമയത്തിനനുസരിച്ച് റാന്നിയില്‍നിന്ന് പുനലൂരില്‍ എത്തത്തക്കവിധമായിരുന്നു മിക്ക ബസുകളും ഓടിയിരുന്നത്.
തീവണ്ടികള്‍ക്ക് കണക്ഷനായി ഓടിയിരുന്ന ചന്ദ്രിക സര്‍വീസിന് നല്ലവരുമാനവും ലഭിച്ചിരുന്നു. 80 തൊഴിലാളികളും വര്‍ക്ക്ഷോപ്പും പമ്പും സ്വന്തമായിട്ടുണ്ടായിരുന്നു.ബസുകള്‍ കുറഞ്ഞതോടെ വര്‍ക്ക്‌ഷോപ്പുകള്‍ നിര്‍ത്തി. പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ നല്‍കിയാണ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിരുന്നത്.
ചന്ദ്രികയുടെ സമയത്തിന് ഉരുപ്പടികള്‍ തപാല്‍ ഓഫീസില്‍നിന്ന് കിട്ടിയില്ലെങ്കില്‍ തപാല്‍ മുടങ്ങുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. എഴുത്തുകള്‍ക്കായി കാത്തിരിക്കുന്നവർ ‘മെയില്‍ വണ്ടി വന്നോ’ എന്ന് തിരക്കുന്ന അവസ്ഥവരെ ഉണ്ടായിരുന്നു.

റാന്നി-പുനലൂര്‍ റൂട്ടില്‍ മറ്റ് സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സി.യും ആധിപത്യം ഉറപ്പിച്ചതോടെ ചന്ദ്രികയും സര്‍വീസുകള്‍ വെട്ടിക്കുറച്ചു.ഇപ്പോൾ പഴയ പേര് നില നിർത്താൻ ഒരേയൊരു സർവീസ് മാത്രം.റാന്നി-പുനലൂര്‍ റൂട്ടില്‍ തന്നെയാണ് അതും സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: