SportsTRENDING

സഞ്ജു രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കണം; ഒരു കളിയില്‍ മാത്രമായി ഒതുക്കിയതിനെതിരേ പ്രതിഷേധവുമായി ആരാധകര്‍ രംഗത്ത്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി-20കളില്‍ അവസരം ലഭിക്കാത്ത സഞ്ജു വിരമിക്കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്ത്. അയര്‍ലന്‍ഡിനെതിരെ നന്നായി കളിച്ചിട്ടും സഞ്ജുവിന് അര്‍ഹിക്കുന്ന അവസരം നല്‍കുന്നില്ലെന്നും 48 മത്സരങ്ങള്‍ കളിച്ചിട്ടും മികച്ച പ്രകടനങ്ങള്‍ നടത്താത്ത ഋഷഭ് പന്തിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്നു എന്നുമാണ് ആരാധകര്‍ പറയുന്നത്. ടി-20 ലോകകപ്പ് ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കില്ലെന്നും വിരമിക്കുന്നതാണ് നല്ലതെന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ആരാധകര്‍ ആവശ്യപ്പെടുന്നു.

അയര്‍ലന്‍ഡിനെതിരേ ദിവസങ്ങള്‍ക്ക് മുമ്പ് ലഭിച്ച ഒരേയൊരു അവസരത്തില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. അതും കളിപ്പിക്കുമോ എന്ന് ഉറപ്പില്ല.

Signature-ad

ബിസിസിഐയുടെ ഈ തീരുമാനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ആരാധകരുടെ രോഷമാണ്. ബിസിസിഐ സഞ്ജുവിനോട് ചെയ്യുന്നത് നീതികേടാണെന്ന് ആരാധകര്‍ പറയുന്നു. ഈ അനീതി ഇനി സഹിച്ച് നില്‍ക്കരുതെന്നും വിരമിച്ച് ഇംഗ്ലണ്ടിനു വേണ്ടിയോ ഓസ്ട്രേലിയക്ക് വേണ്ടിയോ കളിക്കണമെന്നും സഞ്ജുവിനോട് ആരാധകര്‍ ആവശ്യപ്പെടുന്നു.

‘ഇന്ത്യയൊട്ടുക്ക് സഞ്ജു സാംസണ് ഇത്രയും ആരാധകരുണ്ടായതില്‍ അതിശയമില്ല, സഞ്ജുവിനോട് അനീതി കാണിച്ച് ബിസിസിഐ ഈ രാജ്യത്തെ മുഴുവന്‍ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റിയതാണ്’, എന്ന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു.

സഞ്ജുവിനെ ഒഴിവാക്കിയതിനെതിരേ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. സ്ഞ്ജുവിനെ ആര്‍ക്കാണ് പേടി എന്ന ചിത്രത്തിനൊപ്പം പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പുമായാണ് അദ്ദേഹം ബി.സി.സി.ഐ നീക്കത്തിനെതിരേ രംഗത്തെത്തിയത്.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം നല്‍കിയത്. ആ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ 77 റണ്‍സ് നേടിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢതന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു പരമ്പരയില്‍ പോലും സഞ്ജുവിന് പൂര്‍ണമായും അവസരം നല്‍കാത്ത ബിസിസിഐ നടപടിക്കെതിരെയാണ് ആരാധകരുടെ രോഷം. ഇംഗ്ലണ്ടിനെതിരേ മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതില്‍ ഒന്നില്‍ മാത്രമാണ് സഞ്ജു ഇടം പിടിച്ചത്. അതും കളിപ്പിക്കുമോ എന്നതില്‍ ഉറപ്പില്ല. പരമ്പരയിലെ രണ്ട്, മൂന്ന് ട്വന്റി 20-കളില്‍ വിരാട് കോലിയും ഋഷഭ് പന്തും ശ്രേയസ് അയ്യരും മടങ്ങിയെത്തുകയും ചെയ്യും. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരമുള്ളതിനാലാണ് ഇരുവര്‍ക്കും ആദ്യ ട്വന്റി 20 നഷ്ടമാകുന്നത്.

അയര്‍ലന്‍ഡിനെതിരായ അവസാന ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സഞ്ജു പരമ്പരയില്‍ തുടരുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയാസ് അയ്യര്‍ സഞ്ജുവിനു പകരം ടീമില്‍ ഇടം നേടി. ഇഷാന്‍ കിഷന്‍ മൂന്ന് ടി-20കള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരെ ടീമില്‍ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ കഴിയാതെ പോയ അര്‍ഷ്ദീപ് സിംഗ് ആദ്യ ടി-20യിലും ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്.

48 മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിന് വീണ്ടും അവസരം നല്‍കുന്നതിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 2015-ല്‍ ആദ്യമായി ദേശീയ ടീം ജഴ്സിയണിഞ്ഞ സഞ്ജു ഇതുവരെ കളിച്ചത് 14 ട്വന്റി20 മത്സരങ്ങളും ഒരു ഏകദിനവും മാത്രമാണ്. ഇതിനു മുമ്പ് നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന പരമ്പരയില്‍ പോലും സഞ്ജുവിന് ബിസിസിഐ അവസരം നല്‍കിയിരുന്നില്ല.

അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഒരു സെഞ്ചുറി അടക്കം ഏറ്റവുമധികം റണ്‍സ് നേടിയ ദീപക് ഹൂഡ മൂന്ന് ടി-20കള്‍ക്കുള്ള ടീമിലും ഉള്‍പ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ അവസാന ഏകദിനം കളിച്ച ഹാര്‍ദിക് ടീമില്‍ തിരികെയെത്തി. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പുറത്തിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമില്‍ തിരികെവന്നു. ശിഖര്‍ ധവാന്‍ ഏകദിന ടീമിലുണ്ട്.

Back to top button
error: