വിവാദങ്ങളുടെ ദുർഘട പാതയിലൂടെയാണ് തുടക്കം മുതലേ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൻ്റെ സഞ്ചാരം. റോഡപകടങ്ങളും, വഴിമാറി സഞ്ചാരവും, സ്വകാര്യ ബസുകളുടെ കുതന്ത്രങ്ങളും സ്വിഫ്റ്റിനെ പതിവായി വിവാദങ്ങളിൽ ഗട്ടറിൽ വീഴ്ത്തുന്നു. രണ്ടു ദിവസം മുമ്പാണ് കോട്ടയത്തുനിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് മൈസൂരുവിന് 30 കിലോമീറ്റർ അകലെ നഞ്ചൻകോടിന് സമീപം ഡിവൈഡറിൽ തട്ടി തലകീഴായിമറിഞ്ഞത്.
വയനാട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റവുമൊടുവിലെ അപകടം നടന്നത്. കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസാണ് തോല്‍പെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടത്. വാഹനം റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. കണ്ടക്ടർക്കും ചില യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു. വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. മറ്റൊരു ബസ്സ് എത്തിച്ചാണ് യാത്ര തുടര്‍ന്നത്.
ഈ വഴിയിലുള്ള പാലത്തിലേക്ക് കയറുന്ന സമയം ഡ്രൈവർ പാലം കാണാതെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് മൂലം വാഹനം നിരങ്ങി സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. രാത്രി ഒന്നേകാലിന് ആക്സിഡന്റ് ആയ വാഹനത്തിലെ യാത്രക്കാർക്ക് സഞ്ചരിക്കുവാൻ അധികൃതർ ബദൽ മാർഗങ്ങൾ ഒരുക്കുവാൻ കാലതാമസം നേരിട്ടത്തിനെ തുടർന്ന് സ്ത്രീകളും, പുരുഷന്മാരും അടങ്ങിയ യാത്രക്കാർ ബത്തേരി ഡിപ്പോ അധികൃതരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
ഒരുപാട് നേരം കഴിഞ്ഞിട്ടും കാട്ടിൽ കുടുങ്ങിയ യാത്രക്കാർ അവിടെ നിൽക്കേണ്ടി വന്നു. ശേഷം പോലീസ് ഇടപെട്ടാണ് മാനന്തവാടിയിൽ നിന്നും മറ്റൊരു കെ എസ് ആർ ടി സി വാഹനം വരുത്തി ആളുകളെ ബത്തേരി ഡിപ്പോയിൽ എത്തിച്ചത്. ആളുകൾ എത്തി ഒരുപാട് നേരം കഴിഞ്ഞിട്ടും യാത്രക്കായി തയ്യാറാക്കിയ വാഹനത്തിന് ഡ്രൈവറെ കണ്ടെത്താൻ കെ എസ് ആർ ടി സിക്കായില്ല. നിർത്തരവാദിത്വപരമായ ഈ പെരുമാറ്റം മൂലമാണ് ആളുകൾ കെഎസ്ആർടിസി ബത്തേരി ഡിപ്പോയിലെ അധികൃതരുമായി വാക്കേറ്റം ഉണ്ടായത്. അപകടകാരണത്തക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മാനേജ്മെന്‍റ് അറിയിച്ചു.