KeralaNEWS

കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ, അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് കുരുക്കിൽ

മാതൃവേദി സംഘടനയുടെ ഡയറക്ടർ, വനിതഭക്തസംഘത്തിന്റെ സംഘാടകൻ… കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും നന്മയുടെയും അവതാരം എന്നാണ് വാഴ്ത്തപ്പെടുന്നത്. എന്നാൽ ഈ പുരോഹിതൻ്റെ കയ്യിലിരിപ്പ് ഇപ്പോഴാണ് ഇടവകക്കാർക്കും നാട്ടുകാർക്കും ബോധ്യപ്പെട്ടത്.

വീട്ടമ്മമാരും കന്യാസ്ത്രീകളും അടങ്ങിയ വാട്സ്ആപ് ഗ്രൂപ്പിലേക്ക് ഈ വൈദികന്‍ അശ്ളീല വീഡിയോ അയച്ചു എന്ന പരാതിയുമായി വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചത്.

നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്സാപ്പിലേക്കാണ് പുരോഹിതൻ ഈ വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത പി.ആർ.ഒ സാലു എബ്രഹാം അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടർ നടപടി ഉണ്ടാകും.

പിശക് പറ്റിയതാണ് എന്നാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്ത് നല്‍കുന്ന വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ മാറിപ്പോയതാണെന്നാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്തിൻ്റെ വിശദീകരണം.

Back to top button
error: