NEWS

നിങ്ങളുടെ മക്കൾ ലഹരിയിൽ ‘പുകയുന്നുണ്ടോന്ന്’ എങ്ങനെ കണ്ടുപിടിക്കാം…?

1) രാത്രി അധികം താമസിച്ചു വീട്ടില്‍ വരിക. വന്നാല്‍ ആരും കാണാതെയും അത്താഴം കഴിക്കാതെയും കിടക്കുക. കുടുംബാംഗങ്ങള്‍ കണ്ടുപിടിച്ചേക്കാം എന്നു കരുതിയായിരിക്കും ഇത്.
2) പുതിയതരം കൂട്ടുകാര്‍, അവര്‍ സ്വന്തം പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ല. കൂടെക്കൂടെ ഫോണ്‍ വിളിക്കുക. പക്ഷേ, ആരാണെന്നു പറയില്ല. വീട്ടിലെ മറ്റു വല്ലവരുമാണ് ഫോണ്‍ എടുക്കുന്നതെങ്കില്‍ ഒന്നും മിണ്ടാതെ ഫോണ്‍ കട്ടാക്കും.
3) പണം കൂടുതലായി ആവശ്യപ്പെടുക. പോക്കറ്റ്മണി, വട്ടച്ചെലവ്, കാര്യമൊന്നും പറയാത്ത ചെലവ്‌.
4) പെട്ടെന്നു വികാരാവേശം, അരിശം, അസ്വസ്ഥത, ചീത്തപറച്ചില്‍ അക്രമാസക്തി എന്നിവ.
5) ക്ഷീണം, അസ്വസ്ഥത, ഉറക്കം തൂങ്ങല്‍, കണ്‍പോളകള്‍ക്കു തൂക്കം, വിളറിയ മുഖഭാവം, കണ്ണുകള്‍ക്കു താഴെ ഇരുണ്ട വൃത്ത അടയാളം – അവ ശ്രദ്ധിക്കുക.
6) കണ്ണട ധരിച്ചുതുടങ്ങും. ചുവന്ന കണ്ണു മറക്കാമല്ലോ.
7) സമൂഹത്തില്‍ നിന്നു പിന്‍വലിയുന്ന പ്രവണത – ഏകാന്തതയും വിഷാദവും. സംഭാഷണം ഇഷ്ടമില്ല. വീട്ടിലുള്ളവരോടു കാര്യമായി ഒന്നും പറയില്ല. പലതും രഹസ്യമായിരിക്കും. മറ്റുള്ളവരോടു വിരസമായി മാത്രം പെരുമാറും.
8) വിശപ്പില്ലായ്മ. തൂക്കം വല്ലാതെ കുറയും.
9) ഇടക്കിടെ ഛര്‍ദി.
10) പെണ്‍കുട്ടികളില്‍ ആര്‍ത്തവത്തകരാറുകളുണ്ടാകാം.
11) വിലക്ഷണമായ പെരുമാറ്റം, അവ്യക്തമായ സംസാരം, ഇടറിയ സ്വരം, പതറിയ വാക്കുകള്‍. മദ്യപരുടെ സംസാരം പോലെ ഒന്നും തിരിയില്ല.
12) ഉറക്കം തൂങ്ങി, നിരുന്മേഷവാനായി, ഏകാകിയായി കുത്തിയിരിക്കുകയോ ചുരുണ്ടുകൂടിക്കിടക്കുകയോ ചെയ്യും.
13) മുഖത്തെ പ്രസന്നതയും കണ്ണുകളുടെ തിളക്കവും ചുണ്ടിലെ പുഞ്ചിരിയും നഷ്ടപ്പെട്ട് വിഷാദവും വിഭ്രാന്തിയും ആശങ്കയും പ്രകടം.
14) വേച്ചും വീണും ആടിയാടിയുള്ള നടപ്പ്.
15) ക്രൂരതയും ആക്രമണസ്വഭാവവും കാട്ടിയേക്കും.
16) കണ്ണുമിഴിച്ചുള്ള നോട്ടം, കണ്ണുകള്‍ വെട്ടുകയും നേരെയല്ലാതാവുകയും. ഹെറോയിന്‍ ആശ്രിതനില്‍ കണ്‍പോളകള്‍ കട്ടികൂടിയ മട്ടില്‍ തൂങ്ങിക്കിടക്കും.
17) ഇടക്കിടെ വയറിളക്കം, നെഞ്ചിടിപ്പ്, കിതപ്പ്, അതിവേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവ.
18) ചിലപ്പോഴൊക്കെ വീട്ടില്‍ വരാതിരിക്കുകയും മാറിനില്‍ക്കുകയും ചെയ്യുക.
19) സ്വന്തം മുറിയിലും മേശക്കകത്തും അലമാരയിലും പെട്ടിയിലുമൊക്കെ പുകക്കാനും വലിക്കാനും കുത്തിവെക്കാനും വേണ്ട ഉപകരണങ്ങളും അതിന്‍റെ അവശിഷ്ടങ്ങളും. പാക്കറ്റുകള്‍, കുപ്പികള്‍, വലിച്ചതിന്‍റെ കുറ്റികള്‍, സ്പൂണ്‍, തീപ്പെട്ടി, മെഴുകുതിരി, കുത്തിവെക്കാനുള്ള സിറിഞ്ച്, സൂചികള്‍ എന്നിവയില്‍ ചിലതെങ്കിലും കണ്ടെത്താം.
20) അസ്വാസ്ഥ്യങ്ങള്‍, തുടരെ ജലദോഷം, ചുമ, വയറിളക്കം, ഛര്‍ദി, വേദനകള്‍. രോഗമാണെന്നു മാതാപിതാക്കള്‍ കരുതും. കിട്ടേണ്ടതു താമസിച്ചു പോകുന്നതിലുള്ള പ്രതിഷേധമത്രെ ഇത്.
21) രോഗപ്രതിരോധശക്തി തീരെ കുറയുന്നു. പലപ്പോഴും പത്തിലേറെ അസുഖങ്ങള്‍.
22) എകാഗ്രതയില്ലായ്മ. ഒന്നിനും ഉള്‍പ്രേരണയില്ല. വല്ലതും ചെയ്താല്‍ തന്നെ പരപ്രേരണയാല്‍. പഠനത്തില്‍ പിന്നാക്കം. കളിയില്‍ പോലും താല്‍പര്യമില്ല.
23) അടുത്ത കാര്യങ്ങളെപ്പറ്റിയുള്ള ഓര്‍മ (Short Term Memory) നഷ്ടപ്പെടുന്നു.
24) സ്കൂളിലും കോളേജിലും ക്രമമായ ഹാജരില്ല. പലപ്പോഴും ഒളിച്ചുപോകും. പഠനം നിറുത്തിയാലോ എന്നാകും ചിന്ത.
25) മധുരവും മിഠായിയും ഏറെ ഇഷ്ടമായിരിക്കും.
26) ഉറക്കക്കുറവ്, രാത്രി ഇടവിട്ട് ഉറക്കം, ഇടക്കിടെ ചുമ. കഴുത്തില്‍ ലഹരിക്കാരുടെ y ആകൃതിയിലുള്ള ലോക്കറ്റോടു കൂടിയ മാല ധരിക്കുക.
27 കുളിമുറിയില്‍ ഏറെനേരം ചെലവഴിക്കുക. പുകക്കാനോ വലിക്കാനോ കുത്തിവെക്കാനോ ആയിരിക്കും.
28) അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിപ്പോവുക. ലഹരി വസ്തു അന്വേഷിച്ചുള്ള പരക്കംപാച്ചിലാകും.
29) വേഷത്തില്‍ തീരെ ശ്രദ്ധയില്ല. കീറിപ്പറിഞ്ഞതോ മുഷിഞ്ഞതോ ആയ വസ്ത്രങ്ങള്‍, വെട്ടിക്കുകയോ ചീകുകയോ വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യാത്ത പാറിപ്പറന്ന മുടി, പല ദിവസവും കുളിക്കാതെ എവിടെയും കിടന്നു വൃത്തികെട്ട നടപ്പുരീതി.
30) സ്വന്തം ഉപയോഗവസ്തുക്കളും വീട്ടുസാധനങ്ങളും കാണാതാവുക. പൈസയില്ലാതാകുമ്പോള്‍ എടുത്തു വില്‍ക്കുന്നതാകും.
31) തുടരെ നുണ പറയും, വാദിക്കും, സ്വയം നീതീകരിക്കും.
32) വസ്ത്രങ്ങളില്‍ സിഗററ്റുകൊണ്ടു കുത്തിയ പാടോ തുളയോ.
33) കൈവിരലുകളിലും (പെരുവിരല്‍, ചൂണ്ടുവിരല്‍) ചുറ്റിലും പൊള്ളിയ പാടുകള്‍.
34) ദേഹത്തു തൊലി പൊട്ടി ചൊറിച്ചില്‍.
35) ശരീരത്തില്‍ കുത്തിവെപ്പിന്‍റെ പാടുകള്‍. പ്രത്യേകിച്ച് ഉദരത്തിലും കൈകളിലും. അതു മറയ്ക്കാന്‍ സദാ ഷര്‍ട്ടിന്‍റെ കൈ കുഴവരെ നീട്ടിയിട്ടേക്കാം.
പുനരധിവാസം
ലഹരിയില്‍ പെട്ടുപോയവരെ വീണ്ടെടുക്കാനുള്ള ശ്രമമാണ് രക്ഷിതാക്കളും ഗുരുനാഥന്മാരും ചെയ്യേണ്ടത്.
ആരും ജന്മനാ കുറ്റവാളിയല്ല, സാഹചര്യമാണ് അവനെ നശിപ്പിച്ചത്.
അതിനാല്‍ ലഹരിക്കാരെ ഒറ്റയടിക്കു വീട്ടില്‍ നിന്ന് പുറത്താക്കുകയോ സമൂഹത്തില്‍ നിന്ന് അകറ്റുകയോ ചെയ്യാതെ നിരന്തരം കൗണ്‍സലിംഗ് നടത്തുക.
മാനസികവും ശാരീരികവുമായ പരിശീലനങ്ങള്‍ നല്‍കാന്‍ കൗണ്‍സലിംഗിനു കഴിയും.
ആവശ്യമെങ്കില്‍ റിമോവല്‍ ട്രീറ്റ്മെന്‍റ് നല്‍കുക.
കുറ്റകൃത്യത്തില്‍ പെടാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ഏറ്റവും പ്രധാനം.
ജീവിതം ഹോമിക്കപ്പെട്ട തനിക്കൊരു പുതുജീവന്‍ മാതാപിതാക്കള്‍ നല്‍കുമെന്ന പ്രത്യാശ ഉണ്ടാക്കിയെടുക്കണം.
വാട്സാപ്പ്, മൊബൈല്‍ സൗഹൃദ കൂട്ടായ്മകളില്‍ നിന്നകറ്റണം.
വീടും പരിസരവും പഴയ കൂട്ടാളികളാരുമില്ലാത്ത അകലത്തില്‍ മാറ്റിപ്പാര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: