SportsTRENDING

ഗംഭീരം സഞ്ജൂ…. അഭിനന്ദനവുമായി ആരാധകരും താരങ്ങളും

സഞ്ജുവിന്റെ വലിയ ആരാധകനാണെന്ന് ജഡേജ, സഞ്ജു അവസരം നന്നായി വിനിയോഗിച്ചെന്ന് ഇര്‍ഫാന്‍ പത്താന്‍, കാണികളുടെ ഫേവറൈറ്റ്സ് സഞ്ജുവും ദിനേശ് കാര്‍ത്തികുമാണെന്ന് ഹാര്‍ദിക്.

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരേ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസന് അഭിനന്ദനവുമായി ആരാധകരും താരങ്ങളും രംഗത്ത്.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സഞ്ജു(42 പന്തില്‍ 77) ഗംഭീരമാക്കിയെന്നാണ് എല്ലാവരുടെയും വിലയിരുത്തല്‍. മത്സരത്തില്‍ രാജ്യാന്തര ടി20 കരിയറിലെ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും കന്നി അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ സഞ്ജു ദീപക് ഹൂഡയ്‌ക്കൊപ്പം റെക്കോര്‍ഡ് കൂട്ടുകെട്ടും സ്ഥാപിച്ചിരുന്നു.

Signature-ad

മത്സരത്തില്‍ ഹൂഡ സെഞ്ചുറി നേടിയെങ്കിലും ക്രിക്കറ്റ് ലോകം കൂടുതല്‍ സംസാരിച്ചത് സഞ്ജുവിന്റെ ഇന്നിംഗ്സിനെ കുറിച്ചായിരുന്നു. സഞ്ജു സാംസണ്‍ അവസരം നന്നായി വിനിയോഗിച്ചു എന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പ്രശംസിച്ചു. പക്വതയേറിയ ഇന്നിംഗ്സായിരുന്നു മലയാളി താരത്തിന്റേത്. താന്‍ സഞ്ജുവിന്റെ വലിയ ആരാധകനാണെന്ന് മത്സര ശേഷം മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ വെളിപ്പെടുത്തി. മനോഹരമായ ഇന്നിങ്‌സായിരുന്നു സഞ്ജുവിന്‍േ്‌റതെന്നും സഞ്ജു സെഞ്ചുറി നേടാതെ പോയതില്‍ നിരാശയുണ്ടെന്നും ജഡേജ പറഞ്ഞു.

മത്സരശേഷം സഞ്ജു, ജഡേജയ്ക്ക് നല്‍കിയ മറുപടിയില്‍ നിന്ന്. ”മനോഹരമായ മത്സരമായിരുന്നു ഡബ്ലിനിലേത്. പ്രതികൂല സാഹചര്യത്തില്‍ പോലും വലിയ കൂട്ടുകെട്ടുണ്ടാക്കാന്‍ ഞങ്ങള്‍ക്കായി. അവര്‍ കൃത്യമായ ഏരിയയില്‍ പന്തെറിഞ്ഞു. മാത്രമല്ല, പന്ത് വ്യതിചലിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ ഹൂഡയുടെ ബാറ്റിംഗാണ് എന്നെ അനായാസമായി കളിക്കാന്‍ സഹായിച്ചത്. അദ്ദേഹത്തിന് പരമാവധി സ്ട്രൈക്ക് കൈമാറാനാണ് ഞാന്‍ ശ്രമിച്ചത്. ഹൂഡയുടെ ബാറ്റിംഗ് ഞാന്‍ നന്നായി ആസ്വദിച്ചു. വരും ദിവസങ്ങളില്‍ എനിക്കും സെഞ്ചുറി നേടാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു.” സഞ്ജു പറഞ്ഞു.

നേരത്തെ, ഹൂഡയും സഞ്ജുവിനെ പ്രകീര്‍ത്തിച്ചിരുന്നു. ‘സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്. സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം. ടീമിനെ പിന്തുണയ്ക്കാനെത്തിയ എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു’ എന്നുമായിരുന്നു ഹൂഡയുടെ വാക്കുകള്‍.

ക്യാപ്റ്റന്‍ പാണ്ഡ്യയും സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. ”കാണികള്‍ എന്നെ അമ്പരപ്പിച്ചു. അവരില്‍ നിന്ന് പിന്തുണയും പ്രചോദനമായി. കാണികളുടെ ഫേവറൈറ്റ്സ് ദിനേശ് കാര്‍ത്തികും സഞ്ജുവുമാണെന്ന് തോന്നുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. കുട്ടിക്കാലത്ത് ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍, അതിനുമപ്പുറത്ത് ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചതില്‍ പ്രത്യേക സന്തോഷമുണ്ട്. ദീപക്, ഉമ്രാന്‍ എന്നിവരുടെ പ്രകടനത്തില്‍ ഏറെ സന്തോഷം.” ഹാര്‍ദിക് മത്സരശേഷം പറഞ്ഞു. ഈ സമയം സഞ്ജുവിന്‍െ്‌റ പേര് ഹാര്‍ദിക്ക് പരാമര്‍ശിച്ചപ്പോള്‍ ആര്‍പ്പുവിളികളോടെയും ഹര്‍ഷാരവത്തോടെയുമാണ് സ്‌റ്റേഡിയം വരവേറ്റത്.

ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത ഇന്ത്യ ദീപക് ഹൂഡ (57 പന്തില്‍ 104), സഞ്ജു സാംസണ്‍ (42 പന്തില്‍ 77) എന്നിവരുടെ കരുത്തില്‍ 225 റണ്‍സാണ് നേടിയത്. ഏറെ വാശിയേറിയ പോരാട്ടത്തില്‍ നാലു റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനെ അയര്‍ലന്‍ഡിനു കഴിഞ്ഞുള്ളു. അയര്‍ലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളിലും ടീം ജയിച്ചതോടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യ പരമ്പര സ്വന്തമാക്കി.

13 റണ്‍സിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യക്കായി ഐപിഎല്ലിലെ മികവ് തുടര്‍ന്ന മലയാളി താരം കളം നിറഞ്ഞതോടെ ഇന്ത്യ മുന്നോട്ടു കുതിച്ചു. ദീപക് ഹൂഡയ്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ തകര്‍ത്താടിയ സഞ്ജു സാംസണ്‍ 12-ാം ഓവറില്‍ ടീമിനെ 100 കടത്തി. തുടക്കത്തില്‍ ഹൂഡയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് കലക്കന്‍ ബൗണ്ടറികളുമായി സഞ്ജു മുന്നേറി. ഇതോടെ 39 എന്ന രാജ്യാന്തര ടി20 കരിയറിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ സഞ്ജു അനായാസം മറികടന്നു. ഇന്നിംഗ്‌സിലെ 9-ാം ഓവറിലായിരുന്നു നേട്ടം. 13-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയുമായി സഞ്ജു രാജ്യാന്തര ടി20 കരിയറില്‍ തന്റെ കന്നി അര്‍ധ സെഞ്ചുറി തികച്ചു.

31 പന്തിലായിരുന്നു സഞ്ജുവിന്റെ ഫിഫ്റ്റി. പിന്നാലെ ആഞ്ഞടിച്ച സഞ്ജു 42 പന്തില്‍ 77 റണ്‍സെടുത്താണ് മടങ്ങിയത്. ഒന്‍പത് ഫോറും നാല് സിക്‌സും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 17-ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോഴേക്കും രണ്ടാം വിക്കറ്റില്‍ ദീപക് ഹൂഡയ്‌ക്കൊപ്പം 176 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് സഞ്ജു സ്ഥാപിച്ചിരുന്നു.

സഞ്ജുവും ഹൂഡയും ചേര്‍ന്ന് ഡബ്ലിനില്‍ പടുത്തുയര്‍ത്തിയ 176 റണ്‍സ് രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണ്. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്‌ക്കെതിരെ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേര്‍ത്ത 165 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

Back to top button
error: