CrimeNEWS

ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് സി.ബി.ഐ കോടതി വിധിച്ച ശിക്ഷ. ആ ശിക്ഷാവിധി മരവിപ്പിച്ച്‌ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, 28 വര്‍ഷം നീണ്ട അഭയ കേസിലെ നിയമപോരാട്ടത്തിൻ്റെ നാള്‍വഴികള്‍

28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് അഭയ കൊലക്കേസില്‍ വിധി പറഞ്ഞത്. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണ് എന്നായിരുന്നു തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ കണ്ടെത്തല്‍. പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ വിധി വന്ന് രണ്ടുവര്‍ഷത്തിനിപ്പുറം ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നു. സിസ്റ്റര്‍ സെഫി, ഫാ. തോമസ് കോട്ടൂര്‍ എന്നിവരുടെ ശിക്ഷ മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചത്.

കേസിന്‍റെ ഭാഗമായി 49 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി. 1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യ തന്നെ എന്നായിരുന്നു കണ്ടെത്തൽ. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൗൺസിൽ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്‍റെ വാദം ശരിയല്ലെന്നു സി.ബി.ഐ കണ്ടെത്തിയെങ്കിലും ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും തെളിവുകള്‍ നശിപ്പിച്ചതിനാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിച്ചു. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് എഴുതണമെന്ന് സി.ബി.ഐ എസ്.പി വി ത്യാഗരാജന്‍ ആവശ്യപ്പെട്ടുവെന്ന അന്വേഷണ ഉദ്യോഗസ്ഥനായ വര്‍ഗ്ഗീസ് പി തോമസിന്‍റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ എറണാകുളം സി.ജെ.എം കോടതി 1996 ഡിസംബര്‍ 6ന് തള്ളി, തുടരന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി 1999 ജൂലൈ 12 നും 2005 ആഗസ്റ്റ് 30 നും സിബിഐ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ മൂന്ന് തവണയും കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.

ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേരള ഘടകം കേസ് ഏറ്റെടുത്തതോടെ വഴിത്തിരിവായി. അഭയ കൊല്ലപ്പെട്ട് 16 വര്‍ഷത്തിന് ശേഷം 2008 നവംബര്‍ 18ന് ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

പ്രതികളുടെ അവിഹിതം കണ്ടതിനെ തുടർന്ന് കൈക്കോടാലിയുടെ പിടികൊണ്ട് അഭയയുടെ നെറുകയിൽ മാരകമായി മർദ്ദിച്ചശേഷം അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി കിണറ്റിൽ ഉപേക്ഷിച്ചു എന്നായിരുന്നു കേസ്. ഒന്നാം പ്രതിയായ തോമസ് കോട്ടൂരാണ് അഭയയെ കൊല്ലാൻ മുഖ്യ പങ്ക്‌ വഹിച്ചതെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. സിസ്റ്റർ അഭയയെ തലയ്‌ക്ക്‌ ആദ്യം അടിക്കുന്നത്‌ കോട്ടൂരാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. കോട്ടൂർ അഭയയുടെ തലയ്ക്കടിച്ചപ്പോൾ, രണ്ടാം പ്രതിയായിരുന്ന പൂത്തൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന്‌ പ്രേരണ നൽകിയെന്ന് സിസ്റ്റര്‍ സെഫിക്കെതിരായ കണ്ടെത്തല്‍. ജോസ് പുതൃക്കയിലെ കോടതി പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സി.ബി.ഐ കോടതിയുടെ വിചാരണ നിയമപരമല്ലെന്നും വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് 2021ലാണ് ഫാ.തോമസ് കോട്ടൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതനുസരിച്ചാണ് അഭയ കേസിലെ പ്രതികളുടെ ശിക്ഷ  ഹൈക്കോടതി ഇപ്പോൾ മരവിപ്പിച്ചത്. പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്ക് ജാമ്യവും അനുവദിച്ചു.

വസ്തുതകൾ വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവുണ്ടായെന്നു ചൂണ്ടിക്കാട്ടി ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും നൽകിയ ഹരജികളിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.

കോട്ടയം പയസ് ടെൻത് കോൺവെന്റ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്.
ഡിസംബർ 23 ന് ശിക്ഷ പ്രഖ്യാപിച്ചതു മുതൽ ഇരുവരും ജയിലിലാണ്. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നുമായിരുന്നു ആവശ്യം.  ആ ഹർജിയിലാണ് ഇപ്പോൾ വിചാരണക്കോടതി വിധി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: