ലണ്ടന്‍: ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട പോളിയോ വൈറസ് മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ല. ലണ്ടനില്‍ മലിനജല സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ‘ടൈപ്പ് 2 വാക്സിന്‍ ഡെറിവൈഡ് (വിടിപിവി2) പോളിയോ വൈറസ് കണ്ടെത്തി.
രോഗം ആര്‍ക്കും തന്നെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം.
കൂടുതല്‍ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു. അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്.
വാക്സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്.