ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ കംബോഡിയയിലെ വടക്കന്‍ പ്രവിശ്യയായ സ്റ്റംഗ് ട്രെങ്ങിലെ മെകോംഗ് നദിയില്‍ നിന്നാണ് ആകസ്മികമായി പിടികൂടി. 300 കിലോഗ്രാം ഭാരമുള്ള ഒരു വലിയ അടവാലന്‍ തിരണ്ടി മത്സ്യമാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത്.
ഇതുവരെ പിടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രാദേശിക ഖെമര്‍ ഭാഷയില്‍, മത്സ്യത്തെ ‘ബോറമി’ എന്നാണ് വിളിക്കുന്നത്, അതായത് പൂര്‍ണ്ണ ചന്ദ്രന്‍. ഏകദേശം നാല് മീറ്റര്‍ നീളവും, 2.2 മീറ്റര്‍ വീതിയുമുള്ള ഈ മത്സ്യത്തെ ജൂണ്‍ 13 -ന് രാത്രി, കോ പ്രീ ദ്വീപിലെ നാല്‍പ്പത്തിരണ്ടുകാരനായ ഒരു മത്സ്യത്തൊഴിലാളിയാണ് വലയിലാക്കിയത്.
ഭീമാകാരമായ ശുദ്ധജല തിരണ്ടി വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ്. കംബോഡിയന്‍ ഫിഷറീസ് അഡ്മിനിസ്‌ട്രേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഒരു പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഭീമന്‍ ഇനങ്ങളെ അല്ലെങ്കില്‍ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാല്‍ ഗവേഷകരെ അറിയിക്കാറുണ്ട്. വണ്ടേഴ്സ് ഓഫ് മെകോംഗ് എന്നാണ് ഈ സംരക്ഷണ പദ്ധതിയുടെ പേര്. നദിയില്‍ മത്സ്യത്തെ കണ്ടെത്തിയപ്പോള്‍ തന്നെ മത്സ്യത്തൊഴിലാളി ശാസ്ത്രജ്ഞരുടെ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
റെനോയിലെ നെവാഡ സര്‍വകലാശാലയിലെ മത്സ്യ ജീവശാസ്ത്രജ്ഞനായ സെബ് ഹോഗന്‍ മത്സ്യത്തെ കണ്ടെത്തിയ വിവരം ഫേസ്ബുക്കില്‍ സ്ഥിരീകരിച്ചു. ‘ആറു ഭൂഖണ്ഡങ്ങളിലെ നദികളിലും തടാകങ്ങളിലും ഭീമാകാരമായ മത്സ്യങ്ങളെ കുറിച്ച് 20 വര്‍ഷമായി ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങള്‍ കണ്ടിട്ടുള്ളതോ ലോകമെമ്പാടും രേഖപ്പെടുത്തിയിട്ടുള്ളതോ ആയ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണിത്’ അദ്ദേഹം കുറിച്ചു. മത്സ്യത്തെ കണ്ടെത്തിയത് പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തിന്റെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി അതിന്റെ മേല്‍ ഒരു അക്കോസ്റ്റിക് ടാഗ് ഘടിപ്പിച്ച ശേഷം, അതിനെ നദിയിലേക്ക് ഗവേഷകര്‍ തിരികെ വിട്ടയച്ചു.
മേയ് മാസത്തിന് ശേഷം ടീം പരിശോധിക്കുന്ന രണ്ടാമത്തെ ഭീമന്‍ തിരണ്ടിയാണിത്. മുന്‍പത്തേതിന് 181 കിലോ ഭാരമുണ്ടായിരുന്നു. അതിന് മുന്‍പ്, വടക്കന്‍ തായ്ലന്‍ഡില്‍ 2005-ല്‍ പിടികൂടിയ മെക്കോംഗ് ഭീമന്‍ ക്യാറ്റ്ഫിഷ് ആയിരുന്നു ലോകത്തെ ഏറ്റവും ഭാരമേറിയ ശുദ്ധജല മത്സ്യം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അനുസരിച്ച്, ക്യാറ്റ്ഫിഷിന്റെ ഭാരം 293 കിലോഗ്രാമും, നീളം 9 അടിയുമായിരുന്നു.
മെകോംഗിലെ അദ്ഭുതം
ടിബറ്റന്‍ പീഠഭൂമിയില്‍ നിന്ന് ഉത്ഭവിക്കുന്ന മെകോംഗ് നദി ചൈന, മ്യാന്‍മര്‍, തായ്ലന്‍ഡ്, ലാവോസ്, കംബോഡിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലൂടെ ഒഴുകുന്നു. മെകോംഗിന്റെ നിര്‍ണായക ആവാസവ്യവസ്ഥയില്‍ മുട്ടയിട്ട് വിരിയുന്നത് ഓരോ വര്‍ഷവും കോടിക്കണക്കിന് മത്സ്യങ്ങളാണ്. ഇത് കംബോഡിയയിലെയും വിയറ്റ്‌നാമിലെയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷ്യസുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്നു. ഈ നദി ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. എന്നാല്‍ ഇന്ന് അമിത മത്സ്യബന്ധനവും അണക്കെട്ടുകളും മലിനീകരണവും അതിന്റെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കയാണ്.