IndiaNEWS

അമ്മയുടെ നൂറാം ജന്മദിനം: വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് നരേന്ദ്രമോദി

അഹമ്മദാബാദ്: അമ്മയുടെ ഹീരാബായിയുടെ നൂറാം ജന്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് നരേന്ദ്രമോദി. ജന്മദിനത്തോടനുബന്ധിച്ച് അമ്മയെ കാണാന്‍ ശനിയാഴ്ച രാവിലെ ഗുജറാത്തിലെ ഗാന്ധിനഗറിലെ വീട്ടില്‍ മോദിയെത്തി.

അമ്മയുടെ കാലില്‍തൊട്ട് അനുഗ്രഹം തേടിയ മോദി കുട്ടിക്കാലത്തെ അമ്മയുടെ ഓര്‍മകള്‍ പങ്കുവച്ച് വികാരനിര്‍ഭരമായ കുറിപ്പും ട്വിറ്ററില്‍ പങ്കുവച്ചു. ‘അമ്മ എന്നത് വെറുമൊരു വാക്കല്ല, പലതരം വികാരങ്ങള്‍ പ്രതിഫലിക്കുന്നതാണ്. ഇന്ന് ജൂണ്‍ 18, എന്റെ അമ്മ നൂറാം വയസിലേക്ക് കടന്നു. ഈ സവിശേഷ ദിനത്തില്‍ സന്തോഷവും കൃതജ്ഞതയും കലര്‍ന്ന ചില കാര്യങ്ങള്‍ കുറിക്കാന്‍ ആഗ്രഹിക്കുന്നു’, മോദി ട്വീറ്റ് ചെയ്തു. അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ കുറിച്ച ബ്ലോഗും ട്വീറ്റിനൊപ്പം മോദി പങ്കുവച്ചു.

Signature-ad

തന്റെ കുടുംബം വഡ്നഗറിലെ ഒരു ചെറിയ മണ്‍വീട്ടിലാണ് താമസിച്ചിരുന്നത്. കളിമണ്‍ ഓടുകള്‍ പാകിയതായിരുന്നു മേല്‍ക്കൂര.. മഴ പെയ്താല്‍ മേല്‍ക്കൂര ചോര്‍ന്ന് വീടിനുള്ളില്‍ വെള്ളം വീഴും. മഴവെള്ളം ശേഖരിക്കാന്‍ അമ്മ ചോര്‍ച്ചയ്ക്ക് താഴെ ബക്കറ്റുകളും പാത്രങ്ങളും വയ്ക്കും. ഈ പ്രതികൂല സാഹചര്യങ്ങളിലും അമ്മ സഹിഷ്ണുതയുടെ പ്രതീകാമായിരുന്നു. വീട്ടിലെ ജോലികള്‍ക്കൊപ്പം ചില വീടുകളില്‍ പാത്രങ്ങള്‍ കഴുകിയും ചര്‍ക്ക കറക്കാന്‍ പോയും വീട്ടുചെലവ് കണ്ടെത്തിയ അമ്മയേക്കുറിച്ചും മോദി ബ്ലോഗില്‍ ഓര്‍ത്തെടുത്തു.

അമ്മയ്ക്ക് നൂറാംപിറന്നാള്‍ ആശംസിക്കുമ്പോള്‍ ഏറെ സന്തോഷവും ഭാഗ്യവും തോന്നുന്നു. ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ അമ്മ നല്‍കിയ ആത്മവിശ്വാസം ഏറെ വലുതാണ്. അമ്മയുടെ ത്യാഗങ്ങള്‍ തന്റെ മനസ്സും വ്യക്തിത്വവും എങ്ങനെ രൂപപ്പെടുത്തി എന്ന കാര്യവും ബ്ലോഗില്‍ മോദി വിശദീകരിക്കുന്നു. അമ്മയെ സഹിഷ്ണുതയുടെ പ്രതീകം എന്ന് വിശേഷിപ്പിച്ച മോദി ലാളിത്യം നിറഞ്ഞ അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ് അവരെന്നും ഓര്‍മിച്ചു.

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ജന്‍മനഗരമായ വഡ്നഗറിലെ ഹത്കരേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രത്യേക പരിപാടികളും നടക്കും. ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രി വീട്ടിലെത്തി അമ്മയെ കണ്ട് അനുഗ്രഹം തേടിയത്.

 

Back to top button
error: